അഭിമന്യു വധം; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശിയും SDPI പ്രവര്‍ത്തകനുമായ സനീഷിനെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തില്‍ ഇയാളും ഉണ്ടെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് അറസ്റ്റ്.

ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ നേരത്തെ അറസ്റ്റിലായ സനീഷിനെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോ‍ഴാണ് മഹാരാജാസ് അക്രമി സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നതായി വ്യക്തമായത്.

SDPI തോ‍ഴിലാളി യൂണിയന്‍റെ പ്രധാന പ്രവര്‍ത്തകനായ സനീഷ് ബൈക്കിലാണ് അന്നു രാത്രി മഹാരാജാസില്‍ എത്തിയത്. കേസില്‍ ആദ്യം അറസ്റ്റിലായ റിയാസും സനീഷിനൊപ്പം അന്ന് ബൈക്കില്‍ ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

15 അംഗ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായതോടെ അവശേഷിക്കുന്നവരും ഉടന്‍ വലയിലാകുമെന്നാണ് സൂചന. കേസില്‍ 14ാമത്തെ അറസ്റ്റാണ് സനീഷിന്‍റേത്. അതേ സമയം പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രധാന പ്രതി മുഹമ്മദ് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ ആലപ്പു‍ഴയില്‍ ഉപേക്ഷിച്ചുവെന്ന മൊ‍ഴിയെ തുടര്‍ന്ന് മുഹമ്മദിനെയും കൊണ്ട് പോലീസ് ആലപ്പു‍ഴയില്‍ ചെന്ന് ക‍ഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.

കേസില്‍ അവശേഷിക്കുന്ന പ്രധാന പ്രതികളുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അതിനാല്‍ മു‍ഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടാന്‍ ക‍ഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News