
കീഴാറ്റൂർ ബൈപാസ്സിനായി കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ പ്രതിരോധത്തിലായി ബി ജെ പി സംസ്ഥാന നേതൃത്വം.
വിജ്ഞാപനം വന്നതോടെ ബിജെപിയെ വിശ്വസിച്ച് ഒപ്പം നിന്ന വയൽക്കിളി നേതാക്കളും വെട്ടിലായി. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി അലൈൻമെന്റ് മാറ്റുമെന്ന ബി ജെ പി വാഗ്ദാനമാണ് പാഴ് വാക്കായത്.
കമ്മ്യൂണിസ്റ്റ് ഗ്രാമമായ കീഴാറ്റൂരിൽ അശാന്തി വിതച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതായിരുന്നു ബി ജെ പി യുടെ തന്ത്രം. ഇതിനായി ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി നുണ പ്രചാരണത്തിന്റെ കെട്ടഴിച്ചു വിട്ടു.
സംസ്ഥാന സർക്കാരാണ് കീഴാറ്റൂർ വഴിയുള്ള അലൈൻമെന്റ് നിശ്ചയിച്ചത് എന്നായിരുന്നു പ്രധാന പ്രചാരണം.
കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി അലൈൻമെന്റ് മാറ്റും എന്ന വാഗ്ദാനം കീഴാറ്റൂറിൽ എത്തിയ എല്ലാ ബി ജെ പി നേതാക്കളും ആവർത്തിച്ചു.
തന്ത്രപൂർവം വയൽക്കിളി നേതാക്കളെ സ്വന്തം വേദിയിൽ എത്തിച്ചു. കീഴാറ്റൂരിൽ നന്ദിഗ്രാം ആവർത്തിക്കും എന്ന് ബംഗാളിലെ ബിജെപി നേതാവ് രാഹുൽ സിൻഹ വെല്ലുവിളിച്ചു.
കീഴടങ്ങില്ല കീഴാറ്റൂർ എന്ന പേരിൽ ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് കീഴാറ്റൂറിൽ നിന്നും കണ്ണൂരിലേക്ക് ജാഥ നയിച്ചു.
അലൈൻമെന്റ് മാറ്റും എന്ന് കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചതായി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തി.
എന്നാൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ ബി ജെ പി യുടെ കള്ളി വെളിച്ചതായി. അലൈൻമെന്റ് മാറ്റാതെയാണ് കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.
അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെ ബി ജെ പിയുമായി സഹകരിക്കുകയും വേദി പങ്കിടുകയും ചെയ്ത സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള വയൽക്കിളി നേതാക്കളും വെട്ടിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here