ഭണ്ഡാര കവര്‍ച്ചസംഘം പിടിയില്‍; പിടികൂടിയത് നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയെന്ന സംശയത്തെത്തുടര്‍ന്ന്

വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടംഗ സംഘം പാലക്കാട് പോലീസിന്‍റെ പിടിയിലായി.
ഒലവക്കോട് സ്വദേശി ഷാഫിദ്, ഒറ്റപ്പാലം സ്വദേശി അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. ക‍ഴിഞ്ഞ ദിവസം രാത്രി പാലക്കാട് കോ‍ഴിക്കോട് ബൈപ്പാസില്‍ വെച്ചാണ് അബൂബക്കറിനെയും ഷാഫിദിനെയും പോലീസ് പിടികൂടിയത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ നന്പര്‍ പ്ലേറ്റ് അ‍ഴിച്ച് മാറ്റിതായി മനസ്സിലായി. ബൈക്കില്‍ നിന്ന് ഇരുന്പു വടികളും കണ്ടെത്തി.

വിശദമായ ചോദ്യം ചെയ്യലില്‍ അടുത്തിടെ പാലക്കാട് നഗരത്തില്‍ മാല പൊട്ടിച്ച കേസുകള്‍ക്കും, കണ്ണാടിയിലെ വീട്ടില്‍ നടന്ന മോഷണത്തിനും നിരവധി ഭണ്ഡാര കവര്‍ച്ചക്ക് പിന്നിലും തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു. പകല്‍ സമയങ്ങളില്‍ മാല പൊട്ടിക്കുന്ന സംഘം രാത്രി കാലങ്ങളില്‍ വീടുകളിലും ഭണ്ഡാരം കുത്തിത്തുറന്നും മോഷണം നടത്തി വരികയായിരുന്നു.

മൂന്നൂറോളം ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. ഒരു വര്‍ഷത്തോളമായി പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. മ‍ഴക്കാല മോഷണം തടയുന്നതിന്‍റെ ഭാഗമായി നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടയിലാണ് പ്രതികള്‍ പോലീസിന്‍റെ വലയിലായത്.

പ്രതികള്‍ വിറ്റ‍ഴിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പാലക്കാട് നഗരത്തിലെ ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സംഘത്തിലുള്ള മറ്റൊരാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here