പ്രണയത്തിന്റെ മെഴുതിരി അത്താഴങ്ങൾ നാളെ മുതൽ

പ്രണയം ഭാഗ്യമുള്ള ഒരു നാണയമാണ്. സൗഹൃദം ഏറ്റവും മധുരതരമായ നാണയമാണ്. ബന്ധങ്ങള്‍ ആകട്ടെ സ്വര്‍ണ്ണനാണയങ്ങളും. അതിനാല്‍ ഒരിക്കലും അവ നഷ്ടപ്പെടാതെ സൂക്ഷിക്കണം.
– ഡോ.എ.പി.ജെ. അബ്ദുല്‍കലാം.

നിദ്ര അകന്നു നില്‍ക്കുന്ന രാവുകളില്‍ സഞ്ജയ് പോള്‍ മനസ്‌സിലേക്കു കടന്നു വരുമ്പോള്‍ അഞ്ജലി ഓര്‍ത്തത് ഈ വാക്കുകളാണ്. അനുവാദം ചോദിക്കാതെയാണ് അഞ്ജലിയുടെ ഹൃദയത്തിലേക്ക് സഞ്ജയ്‌പോള്‍ കയറിചെന്നത്.

അഞ്ജലിയാകട്ടെ അതറിഞ്ഞതുപോലുമില്ല. അവളുടെ ഹൃദ്യമായ ചിരിയിലും ചടുലമായ ചലനങ്ങളിലും താന്‍ മയങ്ങി അലിയുന്നത് സഞ്ജയ് അറിയുന്നുണ്ടായിരുന്നു.

ഒടുവില്‍ അഞ്ജലി അറിഞ്ഞു, സഞ്ജയ്‌യുടെ മനസ്‌സിലെ ലോലതന്തികളെ തൊട്ടുണര്‍ത്തുന്ന മണിവീണക്കമ്പിയാണ് താനെന്ന്. അയാളുടെ ഹൃദയത്തിലെ ചുടുനിണം മഞ്ഞുതുള്ളിപോലെ നൈര്‍മ്മല്യമുള്ളതാകുന്നത് തന്റെ സാന്നിദ്ധ്യത്തില്‍ മാത്രമാണെന്ന്.

പ്രണയം അവളുടെ മനസ്‌സിലും നിറഞ്ഞു. കായല്‍ക്കരയിലെ പറമ്പത്ത് എന്ന വെള്ളക്കൊട്ടാരത്തിലിരുന്ന് അനൂപ് മേനോന്‍ കഥ പറയുന്നു. കേട്ടിരിക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദും സംവിധായകന്‍ സൂരജും ക്യാമറമാന്‍ ജീത്തു ദാമോദറും നിര്‍മ്മാതാവ് നോബിളുമാണ്.

എന്റെ മെഴുതിരിഅത്താഴങ്ങളുടെ കഥയും ഗാനസന്ദര്‍ഭങ്ങളും അനൂപ് വര്‍ണ്ണിക്കുന്നത് മാസ്മരികമായ ഒരു താളത്തിലാണ്. അഞ്ചുഗാനങ്ങള്‍, അതിലൂടെ എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ കഥ പൂര്‍ത്തിയാകുകയാണ്. തികച്ചും ഒരു മ്യൂസിക്കല്‍ ലൗ സ്‌റ്റോറി, അനൂപ് പറഞ്ഞു.

മെഴുതിരി അത്താഴങ്ങളുടെ കഥ മനസ്‌സില്‍ ജനിച്ചപ്പോള്‍ ആദ്യം വിളിച്ചത് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനെയാണ്. ചേട്ടാ ഒരു പടം ചെയ്യണം. ഒരുപാടു നാളിനുശേഷം ഞാന്‍ സ്‌ക്രിപ്ട് എഴുതുന്നതാണ്. വളരെ ക്‌ളോസ് ടു ഹാര്‍ട്ട് ആയിട്ടുള്ള പ്രോജക്ടാണിത്.

മെഴുതിരി അത്താഴങ്ങള്‍ എന്നാണ് പേര്… മൈ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്ന അര്‍ത്ഥത്തിലാണ് ആപേരിട്ടത്. പേരുപോലെ കാവ്യത്മകമാകണം സിനിമയും. അതിന് കുട്ടേട്ടന്റെ ഏറ്റവും ബെസ്റ്റ് ആയ അഞ്ചു പാട്ടുകള്‍ എനിക്കു വേണം.

എല്ലാം മെലഡി; റൊമാന്റിക് മെലഡീസ്, അനൂപ് പറഞ്ഞു. എം.ജയചന്ദ്രന് എപ്പോഴും പ്രണയഗാനങ്ങള്‍ ചെയ്യാന്‍ കുറച്ച് ഇഷ്ടം കൂടുതലുണ്ട്. മെലഡികൂടിയാകുമ്പോള്‍ പ്രണയഗാനങ്ങളില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാനാകും. പല നിറങ്ങള്‍ നല്‍കാനാകും. ജയചന്ദ്രന്‍ പറഞ്ഞു.

അഞ്ച്ഗാനസന്ദര്‍ഭങ്ങളും അനൂപ് ജയചന്ദ്രന് പറഞ്ഞു കൊടുത്തു. ആദ്യ ഗാനസന്ദര്‍ഭം സഞ്ജയ്ക്ക് അഞ്ജലിയോട് ഇഷ്ടം തോന്നുകയും അത് പറയാന്‍ സാധിക്കാതെ വരുന്നതുമാണ്. അവളോടുള്ള അവന്റെ ഇഷ്ടം മുഴുവനായും ആ പാട്ടില്‍ വേണം, അനൂപ് പറഞ്ഞു.

ജയചന്ദ്രന്റെ മനസ്‌സില്‍ രണ്ടു മൂന്ന് ഈണങ്ങള്‍ കയറി വന്നു. അതു പലവട്ടം മൂളിയുറപ്പിച്ചു. ആ രാത്രി പിരിഞ്ഞു. രണ്ടു നാള്‍ കഴിഞ്ഞുള്ള പ്രഭാതം. അനൂപ് മേനോന്റെ കൊച്ചിക്കടുത്ത് കായല്‍ക്കരയിലെ പറമ്പത്ത് വീട്.

എം.ജയചന്ദ്രന്‍ അതിരാവിലെ എത്തി. അതു കഴിഞ്ഞ് റഫീക്കും വന്നു. ജയചന്ദ്രന്‍ പരവതാനിയില്‍ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് ഇരിക്കുന്നു. പുറത്ത് അനൂപ് കാറില്‍ വന്നിറങ്ങി.

ഹാര്‍മോണിയത്തില്‍ ഒരു മൃദുവായ ഈണം ഒഴുകി വന്നു. ഹാളിലേക്കു കയറി വന്ന അനൂപിനോട് ജയന്‍ പറഞ്ഞു. അനൂപ് അവിടെയിരിക്ക്.

ഞാനൊരു ഈണം മൂളാം. ജയന്‍ ഒരീണം മൂളി… അനൂപ് അതിലങ്ങനെ ലയിച്ചിരുന്നു. പിന്നെ പെട്ടെന്ന് പറഞ്ഞു: ദിസ് ഈസ് ദ സോംഗ് ഐ വാണ്ട്, വണ്ടര്‍ഫുള്‍ റിയലി വണ്ടര്‍ഫുള്‍. ഇതാ കുട്ടേട്ടാ നമുക്കു വേണ്ടത്.

അപ്പോള്‍ അടുത്ത മുറിയില്‍ നിന്നിറങ്ങിവന്ന റഫീഖ് പറഞ്ഞു നീല നീല മിഴികളോ ലോലലോല മൊഴികളോ. അനൂപ് കൈയടിച്ച് ഫന്റാസ്റ്റിക്.

അങ്ങനെ കംപോസിംഗ് തുടങ്ങും മുമ്പ് ജനിച്ച പാട്ടായി നീലനീല മിഴികള്‍.. ഈ പാട്ടിനെക്കുറിച്ച് മറ്റൊരു കഥയുമുണ്ട്. ഈ ഗാനം പൂര്‍ത്തിയാക്കി വിജയ് യേശുദാസിനെക്കൊണ്ട് പാടിച്ച് റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് അനൂപ് ആസിഫ് അലിയുമൊത്തഭിനയിക്കുന്ന ബിടെക്ക് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു.

പാട്ട് റെക്കാര്‍ഡ് ചെയ്തശേഷം ജയചന്ദ്രന്‍ അനൂപിന് ഓഡിയോ അയച്ചു കൊടുത്തു. അനൂപും ആസിഫും കൂടിയിരുന്നാണ് പാട്ട് കേട്ടത്. പെട്ടെന്ന് ആസിഫ് പറഞ്ഞു: ചേട്ടാ ഈ ലോലലോല മൊഴികളോ എന്നു പറയുന്നതില്‍ കല്ലുകടിയുണ്ട്.

കോളേജ് പിള്ളേര്‍ക്കിടയില്‍ ചെലപ്പോം അതു പ്രശ്‌നമാകും. അതൊന്നു മാറ്റിപ്പിടിച്ചാല്‍ നന്നാകും. അനൂപ് ഉടന്‍ എം.ജയചന്ദ്രനെയും റഫീക്കിനെയും വിളിച്ച് ലോലലോല മൊഴികള്‍ മാറ്റണമെന്നു പറഞ്ഞു. റഫീക് ലോലലോല മൊഴികള്‍ മാറ്റി നീയലിഞ്ഞ മൊഴികളോ എന്നാക്കി.

നീല നീലമിഴികളോ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനും ചില പ്രത്യേകതകളുണ്ട്. രാത്രിയിലായിരുന്നു ഗാനം ചിത്രീകരിച്ചത്. പതിനായിരം മെഴുകുതിരികള്‍ കത്തിച്ചുവച്ച് അതിന്റെ പ്രകാശത്തിലായിരുന്നു ചിത്രീകരണം.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ചിത്രീകരിച്ചതും ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതും ഈ ഗാനചിത്രീകരണത്തിനാണ്. ഇങ്ങനെ മെഴുതിരിവെളിച്ചത്തില്‍ ഒരു ഗാനം ഇതുവരെ മലയാള സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ടാകില്ലെന്നാണ് സംവിധായകന്‍ സൂരജ് പറയുന്നത്.

ചിത്രത്തിലെ ആദ്യഗാനമായ മറയത്തൊളികണ്ണാല്‍ എന്ന പാട്ടാണ് രണ്ടാമതായി ഉണ്ടായത്. ദൂരത്തു നിന്ന് ഇയാള്‍ നായികയെ നോക്കി നില്‍ക്കുന്നതും അവളോട് പ്രണയം പറയാന്‍ സാധിക്കാത്തതും പക്ഷെ പ്രണയാര്‍ദ്രമായി പാടുന്നതുമാണ്.

മറയത്തൊളികണ്ണാല്‍ നോക്കി നില്‍ക്കാം നിന്നെ പെണ്ണെ… ഇരവും പകലും കാത്തിരിക്കാം നിന്നെ പെണ്ണെ തിരമാലകള്‍ പോലെ തരളിതമായ പ്രണയത്തിന്റെ മൃദുചലനങ്ങളിലൂടെ വളരുന്ന ഒരുഡാന്‍സ്. അത് ഈണത്തിലുണ്ട്. അതിന്റെ ഓര്‍ക്കസ്‌ട്രേഷനും ആ ഒരു രീതിയില്‍തന്നെ വന്നിട്ടുണ്ട്.

ഇന്ന് പ്രണയിക്കുന്ന ഏതൊരാരാളും പ്രണയിനിയോട് പറയാന്‍ കൊതിക്കുന്ന വാക്കുകളാണ് റഫീക്ക് അതിനുവേണ്ടി ഒരുക്കിയത്. പെട്ടെന്ന് നാവില്‍ വരുന്ന തരം വരികളും ഈണവുമാണത്. അതൊരു ഊട്ടിപ്പാട്ടാണ്.

ഇതുവരെ കണ്ടുവന്നിട്ടുള്ള ഊട്ടി ചിത്രങ്ങളിലെ പാട്ടുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഈണവും വരികളും. പൂര്‍ണ്ണമായും ഊട്ടിയിലാണ്. ഈ രംഗം ചിത്രീകരിച്ചത്.

പക്ഷെ ഇതുവരെ കണ്ട ഒരു ഊട്ടിപ്പാട്ടിലും കാണാത്ത സ്ഥലങ്ങളിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഈഗാനത്തിലൂടെയാണ് അഞ്ജലിയെയും സഞ്ജയ് പോളിനെയും പരിചയപ്പെടുത്തുന്നത്.

ഒരു തമിഴ് പാട്ടും ചിത്രത്തിലുണ്ട്. ഒരു പാര്‍വൈയില്‍ നിലവാകെ തോണ്‍ട്രിനാല്‍… ഒരു നോട്ടത്തില്‍ തന്നെ നിന്നെ ഒരു നിലാവായി ഞാന്‍ കണ്ടു. അങ്ങനെയാണ് ആ പാട്ട് പോകുന്നത്. മലയാള സിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണുന്നതാണ് തമിഴ് പാട്ട്.

എം.ജയചന്ദ്രന്‍ ഇതിന് ഈണമൊരുക്കുമ്പോള്‍ അനൂപ് പറഞ്ഞു ഇളയരാജ -ദാസേട്ടന്‍ കോമ്പിനേഷന്റെ പഴയ പാട്ടുകളില്ലേ കല്യാണത്തേന്‍നില, അമ്മായെന്‍ട്രഴക്കാതെ ഉയിരില്ലയേ അതുപോലെ ഗൃഹാതുരത്വമുണര്‍ത്തുന്ന തമിഴ് പാട്ടുകളുടെ തുടര്‍ച്ച പോലൊരു പാട്ട്.

ജയചന്ദ്രന്‍ രണ്ടുമൂന്ന് ഈണങ്ങള്‍ നോക്കി. അതിലൊന്ന് തെരഞ്ഞെടുത്തു. എഴുതുന്നത് ആരെന്ന് തീരുമാനിച്ചിരുന്നില്ല. ജയചന്ദ്രന്‍ ഈണം മൂളുമ്പോള്‍ എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത് അവിടെയുണ്ടായിരുന്നു.

ഈണത്തിനൊപ്പം സിയാന്‍ രണ്ടു വരികള്‍ മൂളി… അനൂപ് അത് ശ്രദ്ധിച്ചു. സിയാന്‍ ഇതറിയാതെ പിന്നെയും മൂളിക്കൊണ്ടിരുന്നു. അപ്പോള്‍ അനൂപ് പറഞ്ഞു. ‘നിനക്കൊന്നു എഴുതിക്കൂടെ ഇപ്പോം പാടിയ വരികള്‍ സൂപ്പറാ’ ..

ഞാനോ സിയാന്‍ ചോദിച്ചു. ഉം നീയൊന്നു ട്രൈ ചെയ്യ്. നന്നായിട്ടുണ്ടെന്ന് ജയചന്ദ്രനും പറഞ്ഞതോടെ സിയാന് ആവേശമായി. ശ്രമിക്കാം ചേട്ടാ. സിയാന്‍ പറഞ്ഞു. പിറ്റേദിവസം രാവിലെ അനൂപും ജയചന്ദ്രനും റഫീക്കും പാട്ടുമായി ഇരിക്കുമ്പോള്‍ സിയാന്‍ വന്നു.

കൈയിലിരുന്ന പേപ്പര്‍ ജയചന്ദ്രന് കൊടുത്തു. രാത്രി മുഴുവന്‍ ഉറക്കമിളച്ച് സിയാന്‍ എഴുതിയ വരികളായിരുന്നു അത്. തയ്യാറാക്കി വച്ചിരുന്ന ഈണത്തിനൊപ്പം ജയന്‍ വരികള്‍ പാടി. ഇതു കൊള്ളാല്ലോ ഇതു തന്നെ മതി. അനൂപ്പറഞ്ഞു.

ചെന്നൈയില്‍ ഒരു പാടുകാലം താമസിച്ചയാളാണ് സിയാന്‍. അതുകൊണ്ട് തന്നെ തമിഴ് പാട്ടെഴുതാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. ഈ ഗാനത്തിന്റെ പകുതിഭാഗം ഊട്ടിയിലും ബാക്കി ലണ്ടനിലുമാണ് ചിത്രീകരിക്കുന്നത്. നാലാമത്തേത് ഒരു തീം സോംഗ് ആണ്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നു തന്നെയാണ് ആ പാട്ട് അവസാനിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഈ സിനിമയുടെ ഒരു എസ്‌സന്‍സ് ആണ് ഈ പാട്ട്.

ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിലും ഈ പാട്ട് വളരെ പ്രധാനമാണ്. സിനിമയിലുടനീളം ഇടയ്ക്കിടെ എന്റെമെഴുതിരി അത്താഴങ്ങള്‍ എന്ന വരി കടന്നു വരുന്നുണ്ട്. മൊത്തത്തില്‍ സിനിമയുടെ ഒരാകെത്തുകയാണ് ഈ തീം സോംഗ്.

അടുത്തത് ഒരു ടൈറ്റില്‍ സോംഗ് ആണ്. വേനലും വര്‍ഷവും ഹേമന്തവും വീണു മറഞ്ഞൊരീ സന്ധ്യകളില്‍ എന്നാണ് പാട്ട് തുടങ്ങുന്നത്.

ഈ ഗാനം അനൂപ് അവതരിപ്പിക്കുന്നസഞ്ജയ്‌പോള്‍ എന്ന ഷെഫിന്റെ ജീവിതത്തിലെ മൂന്നു കാലങ്ങളെക്കുറിച്ചാണ് പറയുന്നത്.

മൂന്നു കാലം എന്നു പറഞ്ഞപ്പോള്‍ തന്നെ റഫീക്ക് വേനലും വര്‍ഷവും ഹേമന്തവും എന്ന വരികള്‍ എഴുതിക്കഴിഞ്ഞു. കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അവിസ്മരണീയവും ഹൃദയഭേദകവുമായ മുഹൂര്‍ത്തങ്ങളാണ് ഈ വരികളിലൂടെ വരച്ചു കാണിക്കുന്നത്.

അത്തരമൊരു ഗാനമായതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും ഈ പാട്ടായിരിക്കുമെന്നാണ് അനൂപിന്റെ പ്രതീക്ഷ. ഗാനത്തിന്റെ പകുതിയോളം പാരീസിലും ബാക്കി ഊട്ടിയിലുമാണ് ചിത്രീകരിക്കുന്നത്.

ഒരു പാട്ടുകൂടി ചിത്രത്തിലുണ്ട്. കാറ്റില്‍ ഈ ജാലകം എന്നാണ് ഈ ഗാനം തുടങ്ങുന്നത്. ഇരുവരും പ്രണയം പങ്കുവയ്ക്കുകയും തുടര്‍ന്ന് വളരെ ഇന്റിമേറ്റായുള്ള ചലനങ്ങളുമാണ് ഈ പാട്ടില്‍ വരുന്നത്.

ഇവരുടെ അടുപ്പം ഏറ്റവും ഹൃദ്യമായി ചിത്രീകരിക്കുന്നതും ഈ ഗാനരംഗത്താണ്. ഊട്ടിയില്‍ തന്നെയാണ് ഈ ഗാനവും ചിത്രീകരിച്ചത്.

ഏഴു ദിവസം കൊണ്ടാണ് അഞ്ചു പാട്ടുകളുടെ കംപോസിംഗ് പൂര്‍ത്തിയായത്. പാട്ടുകള്‍ ആരു പാടും എന്നതായിരുന്നു തുടര്‍ന്നുള്ള ചിന്ത. സിനിമയില്‍ അഞ്ചു പാട്ടുകളും സഞ്ജയ് പോള്‍ പാടുന്നതാണ്.

അതുകൊണ്ട് വ്യത്യസ്തശബ്ദം പറ്റില്ല. ഒരാള്‍ തന്നെ പാടിയാലേ ശരിയാകൂ. അതിനായി ജയചന്ദ്രന്‍ കണ്ടെത്തിയത് വിജയ് യേശുദാസിനെയാണ്. ഇടയ്ക്ക് ഒരു പാട്ട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചാലോ എന്നു തോന്നിയിരുന്നു.

പക്ഷെ അതു പിന്നീട് വേണ്ടെന്നു വച്ചു. ഒടുവില്‍ വിജയ് തന്നെ അഞ്ച് പാട്ടും പാടി. പണ്ട് ഇത്തരം ഒരു രീതി ഉണ്ടായിരുന്നു. ഒരു കഥാപാത്രത്തിനുവേണ്ടിയുളള എല്ലാപാട്ടും ഒരാള്‍ തന്നെ പാടും. പിന്നീടത് ഇല്ലാതായി. ഇപ്പോള്‍ വീണ്ടും ആ പഴയ രീതി ഇതിലൂടെ കൊണ്ടുവരികയാണ്.

സമീറ സനീഷാണ് മിയക്കും അനൂപിനും വേണ്ട ഡ്രസ്‌സുകള്‍ ഒരുക്കിയത്. കുറച്ച് ഡ്രസ്‌സുകള്‍ ബാംഗ്‌ളൂരില്‍ നിന്നും വാങ്ങി. കോസ്റ്റിയുമിനും നല്ല ചെലവു വന്നു. രണ്ടുപേര്‍ക്കും കൂടി മൊത്തം 120 കോസ്റ്റിയുമുകളാണ് ഉപയോഗിച്ചത്.

സൂരാജ് സംവിധാനം ചെയ്യുന്ന മെഴുതിരി അത്താഴങ്ങളില്‍ ലണ്ടനില്‍ പഠിച്ച് പാരീസിലെ റസ്‌റ്റേറന്റില്‍ ജോലി ചെയ്യുന്ന ഷെഫായാണ് അനൂപ് അഭിനയിക്കുന്നത്.

രുചിയുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന സഞ്ജയ് സ്വന്തം നാട്ടില്‍ പല രുചികളുടെ ഒരു കലവറ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള യാത്രയിലാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയെ അയാള്‍ കണ്ടത്, അഞ്ജലി.

ഇവരുടെ പ്രണയമാണ് സൂരാജിന്റെ മെഴുതിരി അത്താഴങ്ങള്‍. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here