അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍; ഒരാള്‍ കോടതിയില്‍ കീഴടങ്ങി

അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി പിടിയിലായി. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും തലശ്ശേരി സ്വദേശിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്.

മഹാരാജാസ് അക്രമത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തിനു പുറത്തു നിന്നും കസ്റ്റഡിയിലെടുത്ത റിഫയെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.

കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റിഫയെ തന്ത്രപരമായാണ് ബംഗലുരുവില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.

അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ച മഹാരാജാസ് കോളേജ് അക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് റിഫയാണെന്ന് നേരത്തെ അറസ്റ്റിലായ പ്രധാന പ്രതി ജെഐ മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിരുന്നു.

ക്യാമ്പസില്‍ ബോധപൂര്‍വ്വം അക്രമം സൃഷ്ടിക്കാനും കൊലയാളി സംഘത്തെ ഇവിടേക്ക് എത്തിക്കാനും തീരുമാനിച്ചത് റിഫയുടെ നേതൃത്വത്തിലുള്ള ക്യാംപസ് ഫ്രണ്ട് യോഗമായിരുന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.

കൃത്യത്തിനു ശേഷം റിഫ സ്വന്തം നാടായ തലശ്ശേരിയിലേക്ക് പോയി.ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിഫയുടെ ഒളിത്താവളം സംബന്ധിച്ച് ഷാനവാസും പോലീസിന് മൊഴി നല്‍കിയിരുന്നു.

തനിക്കെതിരെയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കുന്നു എന്ന് തിരിച്ചറിഞ്ഞ റിഫ കര്‍ണ്ണാടകയിലേക്ക് ഒളിത്താവളം മാറ്റുകയായിരുന്നു. എറണകുളം പൂത്തോട്ടയിലെ സ്വകാര്യ ലോ കോളേജില്‍ നിയമ വിദ്യാര്‍ഥിയായ മുഹമ്മദ് റിഫ ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണെങ്കിലും രഹസ്യമായാണ് ഇയാള്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഇയാളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.മുഖ്യ സൂത്രധാരനായ റിഫയെ ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, അക്രമി സംഘത്തിന് സഹായം ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയ പ്രതി ഫസലുദ്ദീന്‍ എറണാകുളം സി ജെ എം കോടതിയില്‍ കീഴടങ്ങി.

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News