
ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാവുന്നു.
അനില്‍ അംബാനി പ്രതിരോധവ്യവസായ കമ്പനി തുടങ്ങിയത് നരേന്ദ്രമോദി റാഫേല്‍ കരാര്‍ ഉറപ്പിച്ചതിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു.
35,000 കോടി രൂപയുടെ കടബാധ്യതയുള്ളപ്പോള്‍ 45,000 കോടി രൂപയുടെ റാഫേല്‍ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
2015 ഏപ്രില്‍ 10നാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് എവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ഇതിനു പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് കമ്പനി തുടങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ദസോള്‍ട്ടും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും സംയുക്ത സംരംഭമായി.
വ്യക്തമായ തെളിവുകള്‍ നല്‍കുന്നത് കോര്‍പ്പറേറ്റ് മന്ത്രാലയ വെബ്‌സൈറ്റുകളാണ്. കമ്പനിയുടെ ആകെ മൂലധനം അഞ്ച് ലക്ഷം രൂപ മാത്രമാണ്. ഇത്രയും ചെറിയ തുക നിക്ഷേപിച്ച് തുടങ്ങിയ കമ്പനിക്കാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ തഴഞ്ഞ് 45000 കോടി രൂപയുടെ ഇടപാടിന് അനുമതി നല്‍കിയത്.
ഒരു വിമാനം പോലും നിര്‍മ്മിച്ച് മുന്‍പരിചയമില്ലാത്തതും 35000 കോടി രൂപയുടെ കടബാധ്യതയുള്ളതുമായ റിലയന്‍സ് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു. അംബാനിയുടെ പേരെടുത്ത് പറയാതെയാണ് രാഹുലിന്റെ വിമര്‍ശനം.
ഇതിനിടെ, തന്റെ കമ്പനിക്ക് മുന്‍കാല പ്രവര്‍ത്തനപരിചയമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അനില്‍ അംബാനി തള്ളി.ഇത് സംബന്ധിച്ച് 2017 ഡിസംബര്‍ 12ന് അനില്‍ അംബാനി രാഹുലിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തലമുറകളായി വളരെയധികം ബഹുമാനിക്കുന്ന ബന്ധമാണ് ഗാന്ധി കുടുംബവുമായി തങ്ങള്‍ക്കുള്ളത്. അദ്ദേഹത്തിന്റെ നിരാശാജനകമായ പ്രസ്ഥാവനകള്‍ തന്നെ സ്വകാര്യമായി ദുഖത്തിലാഴ്തിയെന്നും അനില്‍ അംബാനി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here