ഓര്‍ഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ‘കിനാവള്ളി’ നാളെ തീയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഒഴികെ സിനിമയുടെ മിക്ക അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.

കിനാവള്ളി കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് അഞ്ചു കാരണങ്ങള്‍ ഇതാ:

1. സംവിധായകന്‍ സുഗീത് :

ഓര്‍ഡിനറി , മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ കുടുംബ പ്രേക്ഷകരും യുവാക്കളും തിയേറ്ററുകളില്‍ ആഘോഷമാക്കിയ ചിത്രങ്ങളാണ്. പ്രേക്ഷകരുടെ ഹൃദയം മനസ്സിലാക്കി വീണ്ടും സുഗീത് ഹിറ്റ് ചിത്രമാകും കിനാവള്ളി എന്ന് തന്നെയാണ് പ്രതീക്ഷ.

2. പുതുമുഖ താരങ്ങളുടെ നീണ്ട നിര:

അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നീ പുതുമുഖ താരങ്ങളെയാണ് സുഗീത് ഈ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്.

3. ഹൊറര്‍ കോമഡി ക്ലീന്‍ എന്റര്‍ടെയ്‌നര്‍ :

അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. കുടുംബസമേതം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രമാണിത്. പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം നീങ്ങുന്നത്. കൂടാതെ പ്രണയത്തിലൂടെയും നല്ല സൗഹൃദങ്ങളിലൂടെയും, യുവത്വത്തിന്റെ കഥപറയുന്ന ചിത്രം.

4. പുതുമ നിറഞ്ഞ ഗാനങ്ങള്‍:

നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത്, മംഗള്‍ സുവര്‍ണന്‍, ശ്രീ സായി സുരേന്ദ്രന്‍ എന്നിവര്‍ ഈണം പകരുന്നു. ഏഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ രാമഴയോ.., പനിമലരോ.., കള്ളക്കഥക്കാരാണെ.., ആരാരും കാണാതെ.., എന്നീ ഗാനങ്ങള്‍ യൂട്യൂബില്‍ ഹിറ്റാണ്. ഈ ഗാനങ്ങളുടെ ദൃശ്യങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

5. ബേസ്ഡ് ഓണ്‍ എ ഫേക്ക് സ്റ്റോറി:

എന്താണ് ആ കള്ളകഥ ? കിനാവള്ളിയില്‍ ഒളിച്ചിരിക്കുന്ന ആ കള്ളകഥ എന്താണെന്ന് അറിയാന്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ പോയി കാണുക.