ആലപ്പുഴ: പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ ഭാഗം പ്രവര്‍ത്തന ക്ഷമമാക്കാത്തത് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് സമയം അനുവദിക്കാത്തതുകൊണ്ടാണെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയെന്ന നിലയില്‍ ജി.സുധാകരന്‍ പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികമായ പ്രവര്‍ത്തികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്തുവരികയാണ്. ഉദ്ഘാടനത്തിന് പൂര്‍ണ്ണമായും സജ്ജമാകാത്തതിനാലാണ് സമയം നല്‍കാത്തത്.
മുഖ്യമന്ത്രി ചെയ്തതാണ് ശരിയെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് എങ്ങനെയെങ്കിലും ഉദ്ഘാടനങ്ങള്‍ നടത്തി മേനിനടിക്കുകയെന്നുള്ളത് കഴിഞ്ഞകാലത്തെ ചില ഭരണാധികാരികളുടെ വിനോദമായിരുന്നെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരക്കാരനല്ലായെന്ന് ജനങ്ങള്‍ക്കറിയാം.
വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തണ്ണീര്‍മുക്കത്തെ പ്രവൃത്തി നേരിട്ട് വിലയിരുത്തിയതാണെന്നും വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ചില ശക്തികള്‍ മണ്ണ് മാറ്റുന്നതിനെ എതിര്‍ക്കുന്നതാണ് കാലതാമസം ഉണ്ടാകുന്നത്.
അത്തരം കാര്യങ്ങള്‍ പരിഹരിച്ച് ഇറിഗേഷന്‍ വകുപ്പ് മുഖ്യമന്ത്രിയുടെ തീയതി ഉചിതമായ സമയത്ത് വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊള്ളും. അതിന് സര്‍ക്കാരിനെ അനുവദിക്കുക. തെറ്റായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി അറിയിച്ചു.
പിണറായി സര്‍ക്കാരിന്റെ കാലത്തെ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളെ സത്യവിരുദ്ധമായ പ്രചാരവേലകള്‍ കൊണ്ട് മറക്കാന്‍ ശ്രമിക്കരുതെന്നും അങ്ങനെയുള്ള ശ്രമം ആത്യന്തികമായി വിജയിക്കില്ല എന്ന കാര്യവും ഓര്‍മിപ്പിക്കുന്നതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.