മരണമുഖത്ത് നിന്ന് ട്രെയിന്‍ യാത്രക്കാരിയെ രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍; വീഡിയോ കാണാം

മുംബൈയിലെ കനുജ്മാർഗ് സ്റ്റേഷനില്‍ സബര്‍ബന്‍ ട്രെയിനില്‍ നിന്നിറങ്ങവെ വീണ് ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യുവതിയെ റെയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥന്‍അതിസാഹസികമായി രക്ഷിച്ചു.

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങിയ യുവതിയുടെ വസ്ത്രം വാതില്‍പ്പടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. യുവതിയുടെ വീ‍ഴ്ചയും ആര്‍ പി എഫിന്‍റെ രക്ഷാപ്രവര്‍ത്തനവും സ്റ്റേഷനിലെ സി സി ടി വിയില്‍ നിന്ന് സോഷ്യല്‍ മീഡിയയിലെത്തി.

ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ കാലുകൾ ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയിരുന്നു. അപകടം കണ്ട് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ രാജ് കമൽ യാദവ് ഞൊടിയിടയിലെത്തി ഇവരെ വലിച്ചു മാറ്റിയതിനാൽ ദുരന്തമൊ‍ഴിവായി.

ട്രെയിന്‍ പൂര്‍ണ വേഗതയെത്തുന്നതിന് മുമ്പ് തന്നെ യുവതിയെ രക്ഷപ്പെടുത്താന്‍ രാജ്കമലിന് ക‍ഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ആര്‍ പി എഫ് ഉദ്യോഗസ്ഥനും നിലത്തു വീണ് പരുക്ക് പറ്റി.

സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് രാജ്കമല്‍ യാദവിന് അഭിനന്ദനവുമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കായി കണ്ണിമ ചിമ്മാതെ പ്രവര്‍ത്തിക്കുന്ന റെയില്‍വേ കുടുംബത്തില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

വളരെ തിരക്കേറിയ സബര്‍ബന്‍ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ വീണ് വര്‍ഷം തോറും നൂറിലേറെ പേരെങ്കിലും മരിക്കുന്നുണ്ട്. മധ്യ റെയില്‍വേയുടെ സബര്‍ബന്‍ ട്രെയിനുകളില്‍ ദിവസേനയുള്ള ശരാശരി യാത്രക്കാരുടെ എണ്ണം 40.73 ലക്ഷമാണ്.

പശ്ചിമ റെയില്‍വേയുടേത് 39.15 ലക്ഷവും. മുന്‍ വര്‍ഷത്തേക്കാള്‍ ഒന്നര ലക്ഷത്തോളം കൂടുതലാണിത്. യാത്രക്കാരുടെ വര്‍ധനയ്ക്കൊപ്പം മെട്രോ റെയില്‍ പോലെ ഓട്ടോമാറ്റിക് ഡോറുകളില്ലാത്തതുമാണ് സബര്‍ബന്‍ ട്രെയിനിലെ അപകടങ്ങള്‍ക്ക് കാരണം.

തമി‍ഴ്നാട്ടില്‍ ക‍ഴിഞ്ഞ ദിവസം സബര്‍ബന്‍ ട്രെയിനിന്‍റെ വാതിലിന് സമീപം യാത്ര ചെയ്തവര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here