സാമൂഹ്യമാധ്യമങ്ങൾ സാമൂഹ്യധർമ്മം പാലിക്കണം

സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏറെ സന്തോഷമായിരുന്നു.  കാരണം ജനങ്ങൾ ഉടമകളായ മാധ്യമമാണ് അത്.  ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു മാധ്യമശൃംഖലയായതിനാൽ ആദ്യകാലത്ത് വലിയ പ്രതീക്ഷയും ചലനങ്ങളും സൃഷ്ടിച്ചു.
  ജനാധിപത്യത്തിന്റെ ഫോർത്ത് എസ്‌റ്റേറ്റായ അച്ചടി ദൃശ്യമാധ്യമങ്ങൾ ഉടമകളുടെ താല്പര്യമനുസരിച്ച് വർഗ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്നതിനാൽ വലിയ വിമർശനങ്ങൾ ഉയർന്നുവരുന്നു.  ബൂർഷ്വാമാധ്യമങ്ങൾ പൊതുവിൽ ചൂഷകവർഗ താല്പര്യമാണ് സംരക്ഷിക്കുന്നത്.
വ്യാജ വാർത്താ സൃഷ്ടിയിലൂടെയും പെയ്ഡ് ന്യൂസിലൂടെയും വാർത്താ തമസ്‌കരണത്തിലൂടെയും സത്യമറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു.  മാധ്യമമേഖല മർഡോക്ക് അടക്കമുള്ള കുത്തകകൾ കൈയ്യടക്കി.
ചെറുകിട അച്ചടി – ദൃശ്യ മാധ്യമങ്ങൾ കോർപ്പറേറ്റുകൾ വിഴുങ്ങി.  ആ സന്ദർഭത്തിലാണ് വാർത്താവിനിമയമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി നവമാധ്യമങ്ങൾ കടന്നുവന്നത്.  നവമാധ്യമങ്ങൾക്ക് അനന്തമായ സാധ്യതകളുണ്ടായി.  എന്നാൽ വിചാരവും വിവേകവും അനിവാര്യമായി വേണ്ടിടത്ത് നവമാധ്യമങ്ങളിൽ ഇടപെടുന്ന ചിലരെങ്കിലും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘ഹനാൻ’.  അദ്ധ്വാനിച്ച് ജീവിക്കുന്നവരെ അപമാനിക്കാനും ഉപദ്രവിക്കുവാനുമുള്ള ഒരിടമല്ല സൈബർസ്‌പേസ്.  ഹനാൻ കല്ലുമാലവിറ്റും മീൻവിറ്റുമാണ് പഠനത്തിനും കുടുംബകാര്യങ്ങൾക്കും പണം കണ്ടെത്തുന്നത്.  അത്തരം ജീവിതം അന്തസ്സില്ലാത്തതല്ല.  അദ്ധ്വാനം മഹത്തരമാണ്.
സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുക, പഠിക്കുക എന്നത് അതിമഹത്തരമാണ്.  ആ മഹത്തരമായ കാര്യത്തെയാണ് നവമാധ്യമങ്ങളിലെ കല്ലേറുകാർ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തത്.  ഒരുകൂട്ടർ, തട്ടം ധരിച്ചില്ലെന്നും സിനിമയിലെ എക്‌സ്ട്രാ ആർട്ടിസ്റ്റാണെന്നും പരിഹാസച്ചുവയോടെ വിവരിക്കുമ്പോൾ മറ്റൊരു കൂട്ടർ പോലീസിനെ കുറ്റപ്പെടുത്തുന്നു.  ഇത്തരം പോസ്റ്റുകളുടെ ഫലമായി പാവപ്പെട്ട കുടുംബത്തിലെ ഒരംഗം സ്വന്തമായി അദ്ധ്വാനിച്ച് പഠിക്കുകയും കുടുംബത്തെ പോറ്റുകയും ചെയ്യുന്നു എന്ന സത്യം ചതഞ്ഞരയുന്നു.
നവമാധ്യമങ്ങളിൽ ഇടപെടുന്നവർക്ക് വ്യക്തമായ ലക്ഷ്യമുണ്ടാവണം.  ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവണം.  പലപ്പോഴും വ്യാജവാർത്തകളും പ്രകോപനസന്ദേശങ്ങളും വഴി നവമാധ്യമങ്ങളിലൂടെ യുവതലമുറയെ വഴിതെറ്റിക്കുന്ന പ്രവണതയുണ്ട്.  സേവനദാതാക്കൾക്കാണെങ്കിൽ വ്യാജവാർത്തകളുടെ നിജസ്ഥിതി പരിശോധിച്ച് നിയന്ത്രിക്കാനുള്ള സംവിധാനവുമില്ല.
നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അത് നേരായ രീതിയിൽ ഉപയോഗിക്കുകമാത്രമാണ് പോംവഴി. കൈമാറിക്കിട്ടുന്ന വിവരങ്ങളുടെ ആധികാരികത അറിഞ്ഞ് മാത്രമേ അത് പ്രചരിപ്പിക്കൂ എന്ന് ഓരോ ആളും തീരുമാനിച്ചാൽ തന്നെ നല്ല മാറ്റമുണ്ടാകും.
ആക്രമണത്തിനും ആൾക്കൂട്ട കൊലപാതകത്തിനും പല സോഷ്യൽമീഡിയ ഇടപെടലുകളും ഇടയാക്കുന്നുണ്ട്.  സാക്ഷരകേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ടാണ് വാട്ട്‌സ്ആപ്പ് ഹർത്താൽ നടന്നത്.  ആർ.എസ്.എസ്. പോപ്പുലർ ഫ്രണ്ട് ഗൂഢാലോചനയായിരുന്നു വാട്ട്‌സ്ആപ്പ് ഹർത്താലിന് പിന്നിൽ. അത് പിന്നീടാണ് കേരളം തിരിച്ചറിഞ്ഞത്.
ജീവിച്ചിരിക്കുന്ന നിരവധി പ്രമുഖരെ നവമാധ്യമങ്ങളിലൂടെ ‘കൊലപ്പെടുത്തി’യിട്ടുണ്ട്.  പിന്നീട് ഇവർക്കൊക്കെ ‘താൻ മരിച്ചില്ലെന്നും, ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും’ പത്രംസമ്മേളനം നടത്തി പറയേണ്ടിവന്നു.  ഇതെല്ലാം സൈബർ കുറ്റകൃത്യങ്ങൾ മാത്രമല്ല, സാമൂഹ്യവിരുദ്ധകൃത്യങ്ങൾ കൂടിയാണ്.  വ്യക്തിഹത്യയ്ക്കുള്ള വേദിയല്ല, നവമാധ്യമങ്ങൾ.
ആശയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വേദിയാവണം.  വസ്തുതാപരമായ വിവരങ്ങൾ അതിവേഗം കൈമാറാനുള്ള ഉപകരണമാവണം.  ദുരിതമനുഭവിക്കുന്നവർക്കും ഇരകൾക്കും ചൂഷിതർക്കും പോരാളികൾക്കും ആശയപരമായ കരുത്തും ശക്തിയുമായി നവമാധ്യമങ്ങളിൽ ഇടപെടുന്നവരുണ്ട് എന്ന കാര്യം മറക്കുന്നില്ല.  പുരോഗമന വീക്ഷണത്തോടെ ജനങ്ങളുടെ ശബ്ദമായി നവമാധ്യമങ്ങളെ മാറ്റിയെടുക്കുക തന്നെ വേണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here