കേരളത്തിന്റെ ഏറ്റവും വലിയ ആശങ്ക പച്ചക്കറിയാണ്. തിന്നാനുള്ളത് വിഷമായി മാറുന്നു എന്നത് ആഗോളപ്രശ്നം. പക്ഷേ, കുറഞ്ഞ കൃഷിഭൂമിയുള്ള, കൂടിയ ജനസാന്ദ്രതയുള്ള കേരളം ആ പ്രവണതയുടെ ഏറ്റവും വലിയ ഇര.

ആ ആശങ്കയ്ക്ക് ഉത്തരമാവുകയാണ് ഫാർമേ‍ഴ്സ് ഫ്രഷ് സോൺ എന്ന സംരംഭം. ഏതു കർഷകൻ, ഏതു കൃഷിയിടത്തിൽ, എങ്ങനെ വിളയിച്ച പച്ചക്കറിയാണ് കിട്ടുന്നതെന്ന് വാങ്ങുന്നയാൾക്ക് കാണാം, പഠിക്കാം, വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കാം. കർഷകന് ഇടനിലക്കാരനില്ലാതെ നേരിട്ട് ഉപഭോക്താവിനെ വിളകൾ കാണിക്കാം, വിവരങ്ങൾ പറയാം, വില്ക്കാം.

ഇത് ഒരു കർഷകപുത്രന്റെ കണ്ടെത്തൽ. ഉല്പന്നങ്ങൾ വില്ക്കാൻ ക‍ഴിയാതെ വിഷമിക്കുന്നതുകണ്ട അച്ഛനുവേണ്ടി പ്രദീപ് എന്ന സോഫ്റ്റ്വെയർ എഞ്ചിനിയർ കണ്ടെത്തിയ സംരംഭം. എട്ടു കർഷകർക്കും 40 ഉപഭോക്താക്കൾക്കും വേണ്ടി തുടങ്ങി.

ഇപ്പോ‍ഴിത് ആയിരക്കണക്കിനു കർഷകരും ഉപഭോക്താക്കളും ഒന്നിക്കുന്ന വേദിയായി മാറിയിരിക്കുന്നു. കൃഷിയിടങ്ങളെയും അടുക്കളകളെയും ഈ സംരംഭം കൂട്ടിയിണക്കുന്നു.

ഇൻഫോടെക്കിലെ ജോലി വലിച്ചെറിഞ്ഞ് പ്രദീപ് ഈ കർഷക-ഉപഭോക്തൃപ്രസ്ഥാനത്തെ നയിക്കുന്നു. ലാഭമല്ല സാമൂഹികപ്രതിബദ്ധതയാണ് വിപണിയെ നയിക്കേണ്ടത് എന്ന സന്ദേശം പരത്തുന്നതിനാണ് ഫാർമേ‍ഴ്സ് ഫ്രഷ് സോൺ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്നത് എന്ന് ഇന്നോടെക് ജൂറി വിലയിരുത്തി.