മ‍ഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയിൽ യോഗം ചേരും

മ‍ഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനം. ഒാഗസ്റ്റ് 5ന് ആലപ്പു‍ഴയിലാണ് യോഗം. പ്രളയബാധിത പ്രദേശങ്ങൾക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭായോഗം പ്രഖ്യാപിക്കും.

കോട്ടയം , ആലപ്പു‍ഴ ജില്ലകളിലെ ജനങ്ങളുടെ രോഗപ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിക്കാനും മന്ത്രിതല യോഗത്തിൽ തീരുമാനമായി.

കോട്ടയം – ആലപ്പു‍ഴ ജില്ലകളെ സാരമായാണ് മ‍ഴ ബാധിച്ചത്. നിലവിൽ അവിടുത്തെ നാശനഷ്ടങ്ങളെ കുറിച്ച് ഇന്ന് ചേർന്ന മന്ത്രിതല യോഗം വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾക്കും നിർദേശം നൽകി. ഒാഗസ്റ്റ് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരാനും യോഗം തീരുമാനിച്ചതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങൾക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. ഇതിന് ഇന്നത്തെ യോഗത്തിൽ ധാരണയായി. കൃഷിവകുപ്പ് സെക്രട്ടറിയും ഉദ്യോഗസ്ഥരും കുട്ടനാട്ടിലെ കൃഷിനാശത്തെക്കുറിച്ചും ആരോഗ്യവകുപ്പ് ഡയറക്ടർ പ്രളയബാധിത മേഖലകളിലെ ആവശ്യമായ രോഗപ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഇൗ മേഖലകളിൽ വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇറക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കുട്ടനാട്ടിൽ പ്രത്യേക ആരോഗ്യ സംഘത്തെ തന്നെ നിയോഗിക്കാനും തീരുമാനമായി.

വെള്ളക്കെട്ട് ഒ‍ഴിയുന്ന സാഹചര്യത്തിൽ രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുൻകരുതൽ നടപടികൾ സർക്കാർ കൈകൊള്ളുന്നത്. അടുത്തമാസം ചേരുന്ന യോഗത്തിൽ ഇൗ പ്രവർത്തനങ്ങളെല്ലാം വിലയിരുത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here