അപൂർവ്വ സുന്ദരമായ കാഴ്ച; കണ്ണൂരില്‍ അത്ഭുത കാഴ്ചയായി രാജവെമ്പാല കുഞ്ഞുങ്ങൾ

കണ്ണൂർ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ അത്ഭുത കാഴ്ചയായി രാജവെമ്പാല കുഞ്ഞുങ്ങൾ.കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കിയാണ് നാല് മുട്ടകൾ വിരിയിച്ചത്.രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഈ രീതിയിൽ രാജവെമ്പാലയുടെ മുട്ട വിരിയിക്കുന്നത്.

കണ്ണൂർ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിയവർക്ക് കാണാൻ കഴിഞ്ഞത് അപൂർവ സുന്ദരമായ കാഴ്ച. രാജവെമ്പാലയുടെ നാല് കുഞ്ഞുങ്ങൾ കണ്ണെത്തും ദൂരത്ത്.

കൃത്രിമ ആവാസ വ്യവസ്ഥ ഉണ്ടാക്കി രാജവെമ്പാല മുട്ടകൾ വിരിയിക്കുക എന്ന അഭിമാനകരമായ നേട്ടമാണ് പറശ്ശിനിക്കടവ് സ്നേക് പാർക്ക് കൈവരിച്ചത്. ഇതിന് മുൻപ് ദക്ഷിണ കന്നടയിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ മാത്രമാണ് രാജവെമ്പാല മുട്ടകൾ വിരിഞ്ഞത്.

മാർച്ച് ആദ്യ വാരമാണ് കാടിന്റെ മാതൃകയിൽ പ്രത്യേകം പെൺ രാജവെമ്പാലയ്ക്കായി പ്രത്യേകം കൂടുണ്ടാക്കിയത്. ഇണയ്ക്ക് വേണ്ടി രണ്ട് ആൺ പാമ്പുകൾ തമ്മിൽ പോരാട്ടം നടന്ന് വിജയിച്ച ആൺ രാജവെമ്പാലയാണ് ഇണ ചേർന്നത്. മുളയിലകൾ ചേർത്ത് കൂടുണ്ടാക്കി പെൺ രാജവെമ്പാല മുട്ടയിട്ടു. 11 മുട്ടകളിൽ നാല് മുട്ടകളാണ് വിരിഞ്ഞത്.

കൃത്യമായ നിരീക്ഷണവും പരിചരണവും കൊണ്ടാണ് മുട്ടകൾ വിരിയിക്കാനായതെന്ന് ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സ് അംഗം റിയാസ് മാങ്ങാട് പറഞ്ഞു. രാജവെമ്പാല മുട്ടകൾ വിരിഞ്ഞത് അറിഞ്ഞ് നിരവധി സന്ദർശകർ സ്നേക് പാർക്കിൽ എത്തി.

ഉഗ്ര വിഷമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കൂട്ടിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.പത്ത് ദിവസത്തേക്ക് ഇതിന് ഭക്ഷണം ആവശ്യമില്ല. പത്തു ദിവസത്തിനുള്ളിൽ പടം പൊഴിക്കുന്നതോടെ മറ്റൊരു കൂട്ടിലേക്ക് മാറ്റി ഭക്ഷണം നല്കാൻ തുടങ്ങും. ചെറു പാമ്പുകളും മറ്റുമാണ് രാജാവേമ്പലയുടെ ഭക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News