ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഡാം തുറക്കാൻ 31ന‌് ട്രയൽ റൺ

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് സംഭരണശേഷിയുടെ 88.36 ശതമാനം ആയി. അപകടാവസ്ഥ ഒഴിവാക്കാൻ ഡാമിൽനിന്ന‌് വെള്ളം തുറന്നുവിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ശനിയാഴ‌്ച വൈകിട്ട‌് ഒന്നരയടികൂടി വർധിച്ച‌് ജലനിരപ്പ‌് 2393.16 ആയി. 2397 അടി കഴിയുമ്പോൾ നിയന്ത്രിത അളവിൽ തുറന്നുവിടാനാണ‌് ആലോചിക്കുന്നത‌്. ചൊവാഴ‌്ച ട്രയൽ റൺ നടത്തിയേക്കും.

ഇതിന്റെ ഭാഗമായി, ചെറുതോണി ഡാം തുറക്കേണ്ടി വന്നാൽ വെള്ളം ഒഴുകുന്ന വഴികൾ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. ഡാം ടോപ്പ് മുതൽ പനങ്കുട്ടിവരെയാണ് ഇറിഗേഷൻ, വൈദ്യുതി, റവന്യു വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വിദഗ‌്ധസംഘം പരിശോധിച്ചത‌്.

ഇടുക്കി ഡാമിൽ വെള്ളം 2400 അടിയിൽ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കിൽ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു.

പുഴയുടെ വീതി, തടസ്സങ്ങൾ, സമീപമുള്ള വീടുകൾ, കെട്ടിടങ്ങൾ, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. പെരിയാറിന്റെ തീരങ്ങളിലും സർവേ നടത്തി. ഉയർന്ന മേഖലകളിൽ പെരിയാറിന് മധ്യഭാഗത്തുനിന്നും ഇരുഭാഗത്തേക്കും 50 മീറ്റർ വീതവും താഴ്ന്ന മേഖലയിൽ 100 മീറ്റർ വീതവും ദൂരത്തിലായിരുന്നു സർവേ.

അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച‌് കുര്യൻ, ഇടുക്കി ആർഡിഒ എം പി വിനോദ് എന്നിവർ സ്ഥലത്ത‌് ക്യാമ്പ‌് ചെയ്യുന്നുണ്ട‌്. ട്രയൽ റണിന്റെ മുന്നോടിയായി ജീപ്പിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. അപായ സൈറൺ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കൂ.

വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് നിയന്ത്രിക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും അനുവദിക്കില്ല. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയുംചെയ്യും. ഇതിനുമുമ്പ് 1992 ൽ ആണ‌് ഡാം തുറന്നത്. അന്ന‌് ജലനിരപ്പ‌് 2401 അടിയിൽ എത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here