ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ സുപ്രീം കോടതി ഇടപെട്ടിട്ടും രക്ഷയില്ല. രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊലപാതകം അരങ്ങേറിയിരിക്കുന്നു. ഗുജറാത്തിലെ ദാഹോദിലാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തയിത്. മോഷ്ടാവെന്നാരോപിച്ചായിരുന്നു കൊലപാതകം.

ദാഹോദിന് സമീപം കാളിമഹുദി എന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. അജ്മല്‍(22) എന്ന ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭറു മാഥുര്‍ എന്ന യുവാവിനും ക്രൂരമായ മര്‍ദ്ദനമേറ്റു.

ഇരുപതു പേരടങ്ങുന്ന മോഷണസംഘം ഗ്രാമത്തിലെത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് യുവാക്കളെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുളളവര്‍ രക്ഷപെട്ടെന്നാണ് ഗ്രാമവാസികളുടെ ഭാഷ്യം.

അജ്മലും മാഥുറും മോഷണക്കേസ് പ്രതികളാണെന്നും ദിവസങ്ങൾക്ക് മുമ്പാണ് ജയില്‍ മോചിതരായതെന്നും പറയുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.