ചെറുത്തുനില്‍പ്പ് തുടരും അധിനിവേശം അവസാനിക്കുംവരെ; പലസ്തീന്‍ പോരാട്ടത്തിന്‍റെ അടയാളം അഹദ് തമിമി ജയില്‍ മോചിതയായി

പലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റത്തെയും അതിക്രമത്തെയും ചെറുത്തതിന്‍റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അഹദ് തമിമി എന്ന 17 കാരി ജയില്‍ മോചിതയായി.

ഇസ്രയേല്‍ പട്ടാളക്കാരനെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്ത കുറ്റത്തിനാണ് അഹദ് തമിമി ജയിലിലടയ്ക്കപ്പെട്ടത്.

അഹദ് തമിമി പട്ടാളക്കാരനെ അക്രമിക്കുന്ന വീഡിയോ ഒരുപാട് പേര്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് തമിമി മോചിതയായത്. ഞായറാഴ്ച തമിമി അമ്മയ്ക്കും സഹതടവുകാരനായ നരിമാനുമൊപ്പം സ്വന്തം ഗ്രാമത്തിലെത്തി.

തമിമി പട്ടാളക്കാരനെ അക്രമിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചത് നരിമാനാണ്. കയ്യേറ്റം, വഞ്ചന, പട്ടാളക്കാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പട്ടാളം തമിമിക്ക് മേല്‍ ചുമത്തിയത് മുഴുവന്‍ കുറ്റങ്ങളും സമ്മതിച്ചതിനെ തുടര്‍ന്നാണ് തമിമി ജയില്‍ മോചിതയായത്.

അമ്പത് വര്‍ഷമായി തുടരുന്ന അധിനിവേശത്തിന്റെ മറവില്‍ ഇസ്രയേല്‍ പട്ടാളം പലസ്തീന്‍ കുരുന്നുകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ ഉദാഹരണമാണ് അഹദ് തമിമിയുടെ കേസ് എന്ന് തമിമിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

15 വയസ്സുള്ള തന്റെ സഹോദരിക്കുനേരെ ഇസ്രയേല്‍ പട്ടാളത്തിന്റെ അക്രമത്തില്‍ 15 വയസുള്ള തന്റെ സഹോദരിക്ക് റബ്ബര്‍ ബുള്ളറ്റ് ഏറ്റതറിഞ്ഞായിരുന്നു തമിമി പട്ടാളക്കാരനെ അക്രമിച്ചത്.

പലസ്തീന്‍ കുരുന്നുകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന ഇസ്രയേല്‍ പട്ടാളത്തിന്റെ നടപടി തമിമിയുടെ അറസ്റ്റോടെ ചര്‍ച്ചയായി.

300 പലസ്തീന്‍ കുരുന്നുകള്‍ ഇസ്രയേല്‍ തടവിലുണ്ടെന്നാണ് പലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തമിമിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പലസ്തീനിലെ അംനെസ്റ്റി ഇന്റര്‍നാഷണല്‍ തലവന്‍ സലഹ് ഹിഗാസി പറഞ്ഞു.

ജയില്‍ മോചിതയായ അഹദ് തമിമിക്കും അമ്മയ്ക്കും നരിമാനും ആവേശോജ്വലമായ സ്വീകരണമാണ് ഗ്രാമവാസികള്‍ നല്‍കിയത്.

പിന്‍മാറാന്‍ തയ്യാറല്ലെന്നും അധിനിവേശം അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്നും തമിമി തനിക്ക് ചുറ്റും കൂടിയവരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here