ജന്മനാ കൈകൾ ഇല്ലാത്തവർക്കും അപകടങ്ങളിൽ പെട്ട്‌ കൈകൾ നഷ്ടപ്പെടുന്നവർക്കും പ്രതീക്ഷയാകുകയാണ് ടോക്‌ എച്ച്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥികൾ.

ബയോണിക്‌ ആം എന്ന് പേരിട്ടിരിക്കുന്ന യന്ത്രക്കൈ ദേശീയ തലത്തിലും ശ്രദ്ധ പിടിച്ച്‌ പറ്റി. സ്വന്തം ചിന്താ ശേഷിക്ക്‌ അനുസരിച്ച്‌ യന്ത്ര കൈകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുക എന്നത് കൈകൾ ഇല്ലാത്തവരെ സംബന്ധിച്ചു വലിയ ഒരു കാര്യമാണ്.

തങ്ങളുടെ അവസാന വർഷ പ്രോജക്ടിന്‍റെ ഭാഗമായാണ് ടോക്‌ എച് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ബയോണിക്‌ ആം വികസിപ്പിച്ചെടുത്തത്‌.

മനുഷ്യ ശരീരത്തിലെ പേശികളിൽ നിന്നു പുറപ്പെടുന്ന ഇലക്ട്രോ സിഗ്നലുകൾ ശേഖരിച്ചാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്.

ഇത്തരത്തിൽ ഉള്ള സിഗ്നലുകൾ ശേഖരിക്കുന്നതിനായി കൈകളിലെ പേശികളിൽ ചേർന്നു കിടക്കുന്ന രീതിയിൽ ആണ് എം.വൈ.ഒ. ആം ബാൻഡ്‌ ധരിക്കുന്നത്.

വിപണിയിൽ ഇപ്പോൾ പതിനഞ്ച്‌ മുതൽ ഇരുപത്‌ ലക്ഷം രൂപ വരെയാണു യന്ത്ര കൈകളുടെ വില. എന്നാൽ സാധാരണക്കാരിലേക്ക്‌ കുറഞ്ഞ വിലയിൽ ഇത്‌ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പ്രോജക്റ്റിനെ പറ്റി വിദ്യാർത്ഥികൾ അവതരിപ്പിച്ച പേപ്പർ മികച്ചതായി എസ്‌.വി.എം. കോളേജ്‌ കോയംബത്തൂരിൽ നടന്ന നാഷണൽ ലെവൽ മത്സരത്തിൽ തിരഞ്ഞെടുക്കുകയും , ഓൾ കേരള സി.എസ്‌.ഐ. സമ്മിറ്റിൽ മികച്ച പ്രോജെക്ടിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.

അമേരിക്കയിലെ താൽമിക്‌ ലാബിൽ നിന്നാണ് ഇതിനു ആവശ്യമായ എം.വൈ.ഒ. ആം ബാൻഡ്‌ വാങ്ങിയത്‌. അതുപോലെ തന്നെ യന്ത്ര കൈകൾ 3ഡി പ്രിന്റിങ് മാതൃകയിൽ കൊച്ചിയിൽ വികസിച്ചെടുത്തതാണ്.

ഏകദേശം 2 മാസം കൊണ്ടാണ് വിദ്യാർത്ഥികൾ ഈ പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തത്.