ബിജെപിയില്‍ വിഭാഗീയത രൂക്ഷമാകുന്നു; ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് വിഭാഗീയതയും പ്രശ്നങ്ങളും

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന പി എസ് ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് പാര്‍ട്ടിക്കുളളിലെ നൂറായിരം പ്രശ്നങ്ങളാണ്.  മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുക എന്നതാവും അദ്ദേഹത്തിന് മുന്നിലെ ആദ്യ വെല്ലുവിളി.

വിഭാഗീയത രൂക്ഷമായ സംസ്ഥാന ഘടകത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ ക‍ഴിയുക എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരു വ്യാ‍ഴവട്ടകാലത്തിന് ശേഷം ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ കസേരയിലേക്ക് പിഎസ് ശ്രീധരന്‍പിളള മടങ്ങിയെത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും അത് ഒരു കാവ്യനീതിയെന്ന് തോന്നാം .

പിപി മുകുന്ദനോട് വ‍ഴക്കിട്ട് പാര്‍ട്ടി പ്രവര്‍ത്തനം തന്നെ ഏതാണ്ട് ഉപേക്ഷിച്ച് എറണാകുളത്തെ വക്കീല്‍ ഒാഫീസിലേക്ക് ചേക്കേറുമ്പോ‍ള്‍ ഇങ്ങോട്ട് ഇനി ഒരു മടക്കം ഉണ്ടാകുമെന്ന് അദ്ദേഹവും കരുതി കാണില്ല. വിഭാഗീയതയില്‍ തട്ടി പടിയിറങ്ങിയ ശ്രീധരന്‍ പിളള മടങ്ങി വരുന്നതും വിഭാഗീയത നിമിത്തമെന്നത് കാലത്തിന്‍റെ കൗതുകങ്ങളിലെന്നാവുന്നു. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് പടയെരുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുന്നത്.

അദ്ധ്യക്ഷ സ്ഥാനത്തേക്കുളള ഒാട്ടമല്‍സരത്തില്‍ ഇടയില്‍ പരിക്കേറ്റ് വീണ മുരളീ,കൃഷ്ണദാസ് പക്ഷങ്ങളെ ഒരുമിപ്പിക്കുക എന്ന ദൗത്യം തന്നെ വെല്ലുവിളി. ആര്‍ എസ് എസ് പിന്തുണയോടെയാണ് ശ്രീധരന്‍പിളളയുടെ സ്ഥാനാരോഹണം എന്നത് ഒരു പരിധിവരെ അനുകൂല ഘടകം ആണെങ്കിലും എന്തിനെയും പൊളിക്കാന്‍ ക‍ഴിയുന്ന ഗ്രൂപ്പ് രാഷ്ടീയം തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു.

ആര്‍ എസ് എസിന്‍റെ ഉറച്ച പിന്തുണയുണ്ടെങ്കില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനുളളില്‍ എന്തുമാവാം എന്ന കാലം ക‍ഴിഞ്ഞു പോയെന്ന് കുമ്മനത്തിന്‍റെ സ്ഥാനഭ്രശം ശ്രീധരന്‍പിളളയെ ഒാര്‍മ്മിപ്പിക്കുന്നു.

നാളിത് വരെ സ്ഥാനം ഇല്ലാതെ നിന്നിരുന്ന വി മുരളീധരനെ ആന്ദ്രയുടെ ചുമതലക്കാരനായി കേന്ദ്ര നേതൃത്വം നിയോഗിച്ചത് വിഭാഗീയത കുറച്ചേക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നു.എന്നാല്‍ മെഡിക്കല്‍ കോ‍ഴ ആരോപണത്തോടെ രണ്ടായി പിളര്‍ന്ന് നില്‍ക്കുന്ന ബിജെപി സംസ്ഥാന ഘടകത്തെ മുന്നോട്ട് നയിക്കാന്‍ നാളിത് വരെ ആര്‍ജ്ജിച്ച ഉൗര്‍ജ്ജം പോരാ എന്നത് ശ്രീധരന്‍പിളളയുടെ മുന്നിലെ വെല്ലുവിളിയാണ് .

പേരിന് മാത്രമായി ക‍ഴിഞ്ഞ എന്‍ഡിഎ എന്ന സംവിധാനവും ,ബിഡിജെഎസുമായുളള ബിജെപിയുടെ അകലവും പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുന്ന വെല്ലുവിളിയാണ് .നിലവിലെ കേന്ദ്ര നേതൃത്വത്തില്‍ കാര്യമായ പിടിപാടില്ലാത്ത ശ്രീധരന്‍പിളളക്ക് എത്രമാത്രം കാര്യങ്ങളെ മുന്നോട്ട് കൊണ്ടു പോകാന്‍ ക‍ഴിയുമെന്നത് കാത്തിരുന്ന് കാണെണ്ട പൂരം തന്നെ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here