അസം ദേശീയ പൗരത്വ പട്ടിക; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

അസം ദേശീയ പൗരത്വ പട്ടിക വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ രാജ്യത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.

സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ അസം ദേശീയ പൌരത്വ പട്ടികാ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങളാണ് രാജ്യസഭയില്‍ രംഗത്ത് എത്തിയത്. പ്രതിഷേധം ശക്തമായതോടെ രാജ്യസഭ 12 മണി വരെ നിര്‍ത്തിവെച്ചു.

തുടര്‍ന്ന് 12 മണിയോടെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തെങ്കിലും അമിത് ഷായുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അസം ദേശീയ പൗരത്വ പട്ടിക രാജീവ് ഗാന്ധിയുടെ ആശയമാണെന്നും അത് നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് തന്റേടം ഉണ്ടായില്ലെന്നും അമിത് ഷാ ആരോപിച്ചു.

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അവതരണാനുമതി നല്‍കിയിരുന്നില്ല.

അതിനിടെ രാജ്യത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കുന്ന കണക്കുകള്‍ക്ക് അനുസരിച്ച് വിദേശകാര്യമന്ത്രാലം മ്യാന്‍മാറുമായി സംസാരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇനിയും അഭയാര്‍ത്ഥികള്‍ കടന്നു വരാതതിരിക്കാന്‍ ബിഎസ്എഫിനെയും അസം റൈഫിള്‍സിനെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഭീഷണിക്കും ബാധ്യതയാകരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News