വടക്കന്‍ കേരളത്തിലും മഴ ശക്തം; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി; ആറളം വനത്തില്‍ ഉരുള്‍പൊട്ടി

വടക്കന്‍ കേരളത്തിലും മഴ ശക്തം, താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കണ്ണൂര്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി. കോഴിക്കോട് വയനാട് ദേശീയപാതയില്‍, ഈങ്ങാപ്പുഴ വെളളം കറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. തലയാട് മണ്ണിടിച്ചിലിനെ തുര്‍ന്ന് കക്കയം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. വടകര റൂറല്‍ എസ് പി യും താമരശ്ശേരി തഹസില്‍ദാരും സ്ഥലം സന്ദര്‍ശിച്ചു.

കോഴിക്കോട് – വയനാട് ദേശീയപാതയില്‍ ഈങ്ങാപ്പുഴ വെളളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കനത്ത മഴയില്‍ രാമനാട്ടുകരയില്‍ പഴയ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നഗര പ്രദേശങ്ങളില്‍ മഴ താരതമ്യേന കുറവാണ്.

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. ബവാലിപുഴ, ചീങ്കണ്ണിപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവയാണ് കരകവിഞ്ഞൊഴുകുന്നത്.

കാക്കയങ്ങാട് ടൗണ്‍ ഉള്‍പ്പടെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. ആറളം വനത്തിനകത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലപ്പുഴ പാലത്തില്‍ വെളളം കയറി.

ചീങ്കണ്ണി പുഴയ്ക്ക് കുറുകെയുളള ആറളം ഫാം വളയംചാല്‍ തൂക്കുപാലം ഒഴുകിപ്പോയി. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ 7 പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരുന്നു

പാലക്കാട് ജില്ലയിലും മഴ തുടരുകയാണ്. പോത്തുണ്ടി ഡാം പരമാവധി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഇതേ തുടര്‍ന്ന് അയിലൂര്‍ പുഴ, മംഗലം പുഴ, ഗായത്രിപുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദശവും നല്‍കി.

വയനാട്ടില്‍ ബാണാസുരസാഗര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമാവുകയാണെങ്കില്‍ മൂന്നാം ഷട്ടറും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here