സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ യുവജനക്ഷേമ ബോര്‍ഡ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ് 2017 ന്റെയും സാഹസിക ഫോട്ടോഗ്രാഫി മത്സരത്തിന്റെയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

രാവിലെ 11.30 ന്, തിരുവനന്തപുരം ഗവ.വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ ബഹു. കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.

പരിപാടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയും പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. തൈക്കുടം ബ്രിഡ്ജിന്‍റെ സംഗീത വിരുന്നും തുടര്‍ന്ന് അരങ്ങേറി.

നവാഗതരായ യുവജനങ്ങളെ സിനിമയുടെ വിശാല ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

മൂന്ന് മിനിട്ടില്‍ കവിയാത്ത ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. ലഭിച്ച 45 ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് സ്ത്രീ ശാക്തീകരണം, സാമൂഹ്യ പ്രവര്‍ത്തനം, പരിസ്ഥി/മറ്റുളളവ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് വിജയികളെ കണ്ടെത്തിയത്.

ശ്രീ ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍), ശ്രീമതി. രഞ്ജിനി (ചലച്ചിത്ര നടി), ശ്രീ വി.അജിത് കുമാര്‍ (എഡിറ്റര്‍) എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.

ഓരോ മേഖലയിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000/-രൂപ, 25,000/-രൂപ, 15,000/-രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് നല്‍കിയത്.

സാഹസിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനും സ്വജീവന്‍പോലും പണയപ്പെടുത്തി അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുവജനക്ഷേമ ബോര്‍ഡ് സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി വരുന്നത്.

ആകെ ലഭിച്ച 38 അപേക്ഷകളില്‍ നിന്നും ശ്രീ.എം.ബാലന്‍ (വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍), ശ്രീ.പിയറി കോംബ്രാ(നേച്ചര്‍ ഫോട്ടോഗ്രാഫര്‍), ശ്രീ.എസ്.രാജേന്ദ്രന്‍ (മാധ്യമ ഫോട്ടോഗ്രാഫര്‍) എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10001/-രൂപ, 7001/-രൂപ, 5001/-രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവുമാണ് നല്‍കിയത്.

കണ്ണൂരില്‍ ജനവാസ കേന്ദ്രമായ തായതെരുവില്‍ പുലി ഇറങ്ങി അക്രമം അഴിച്ചുവിട്ട ചിത്രം പകര്‍ത്തിയ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിധുരാജ് എം.റ്റി.യാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഓഖി ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് ഭീകരത വിതച്ചതിന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ തിരയില്‍പ്പെടുന്നതിന്റെ ചിത്രം പകര്‍ത്തിയ സിറാജ് ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജി കുമാര്‍ രണ്ടാം സ്ഥാനവും,

കണ്ണൂരില്‍ നടന്ന തെങ്ങുകയറ്റ മത്സര വിജയികളുടെ ചിത്രം തെങ്ങിന്റെ മുകളില്‍ നിന്ന് പകര്‍ത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ലതീഷ് പൂവ്വത്തൂര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

വനിതാ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ 2018 വര്‍ഷത്തെ കേരളോത്സവത്തിന്റെ ലോഗോ ബഹു കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ എ.സി.മൊയ്തീന്‍ വൈസ് ചെയര്‍മാന്‍ പി. ബിജുവിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

യുവജനക്ഷേമ ബോര്‍ഡിന് വേണ്ടി നവമാധ്യമങ്ങളില്‍ മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 10 കോര്‍ഡിനേറ്റര്‍മാര്‍ക്ക് ടാബ്ലെറ്റ് വിതരണവും സ്പീക്കര്‍ നിര്‍വ്വഹിച്ചു.

തെരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലിമുകള്‍

സ്ത്രീശാക്തീകരണം

ഒന്നാം സ്ഥാനം – കഥയിലൊരു ചോദ്യം സംവിധായകന്‍ – ശ്രീ.റഷീദ് പറമ്പില്‍

രണ്ടാം സ്ഥാനം – തങ്കമ്മ സംവിധായകന്‍ – ശ്രീ.രാമഭദ്രന്‍.ബി

മൂന്നാം സ്ഥാനം – നിലം സംവിധായകന്‍ – ശ്രീ. വിനീത് വാസുദേവന്‍

സാമൂഹ്യപ്രവര്‍ത്തനം

ഒന്നാം സ്ഥാനം – ഡ്രോപ്‌സ് സംവിധായകന്‍ – ശ്രീ.എ.പി കൃഷ്ണകുമാര്‍

രണ്ടാം സ്ഥാനം – എഫ്.ബി സംവിധായകന്‍ – ശ്രീ.വിഷ്ണു പ്രഭാത്

മൂന്നാം സ്ഥാനം – അക്ഷരം സംവിധായകന്‍ – ശ്രീ. അനൂപ് മാവറ

പരിസ്ഥിതി/മറ്റുള്ളവ

ഒന്നാം സ്ഥാനം – മിഠായി സംവിധായകന്‍ – ശ്രീ.മുഹമ്മദ് ഷുഹൈബ്

രണ്ടാം സ്ഥാനം – ഒന്നാം പാഠം സംവിധായകന്‍ – ശ്രീ.ബിനു ഫ്രാന്‍സിസ്

മൂന്നാം സ്ഥാനം – ഡബ്ല്യൂ.എ സംവിധായകന്‍ – ശ്രീ. സിബിലാല്‍

ചടങ്ങില്‍ ജു യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്താജെറോം, മത്സരങ്ങളുടെ ജൂറിയംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡംഗങ്ങളായ ഷരീഫ് പാലോളി, സന്തോഷ്‌ കാല , മെമ്പര്‍ സെക്രട്ടറി ആര്‍.എസ്.കണ്ണന്‍, വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജി.വിജയലക്ഷ്മി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.എം.അന്‍സാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News