പീഡനം നടന്ന മഠത്തില്‍ ജലന്ധര്‍ ബിഷപിനെ എത്തിച്ചുണ്ട്; ഡ്രൈവറുടെ മൊഴി പുറത്ത്

പീഡനം നടന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ എത്തിച്ചിട്ടുണ്ടെന്ന് ബിഷപ്പിന്റെ ഡ്രൈവർ മൊഴി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിഎംഐ വൈദികനെതിരെ കന്യാസ്ത്രീയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് യോഗം ചേരും.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന മൊഴിയാണ് ഗൂഡല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ നാസര്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ബിഷപ്പിനെ പലതവണ മഠത്തില്‍ എത്തിച്ചിരുന്നതായി ഡ്രൈവർ പറഞ്ഞു.

മഠത്തിലെത്താൻ വാഹനം വിട്ടുനല്‍കിയ സഹോദരന്‍ ഫിലിപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഒപ്പം മഠത്തിലേക്ക് ബിഷപ്പിനെ എത്തിച്ച കാറും സഹോദരന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കി.

അതിനിടെ പത്ത് ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ കന്യാസ്ത്രീയുടെ സുഹൃത്ത് മൊഴി നല്‍കി. പണം നൽകി കേസ് ഒത്തുതീര്‍പ്പാക്കാനാണ് വൈദികന്‍ ശ്രമിച്ചതെന്നാണ് മൊഴി.

കന്യാസ്ത്രീയുടെ മൊബൈൽ തെളിവായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വൈദികനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം കുര്യനാട് ആശ്രമത്തിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് DySP K സുഭാഷ് വ്യക്തമാക്കി.

ഫോൺ സംഭാഷണം തെളിവായ സാഹചര്യത്തിൽ ജെയിംസ് ഏർത്തയിലിന്റെ ശബ്ദ പരിശോധന നടത്തും.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസിനെക്കുറിച്ച് വിശകലനം ചെയ്യാന്‍ കോട്ടയത്ത് എത്തും. അതിനുശേഷം ജലന്തര്‍ യാത്രയുടെ കാര്യത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനം എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News