‘മീശ’ നോവലിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. മീശ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ദില്ലിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ അഭിഭാഷക ഉഷ നന്ദിനി മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

നോവല്‍ ബ്രാഹ്മണന്മാരെയും സ്ത്രീകളെയും അപമാനിക്കുന്നുണ്ടെന്നും മത വികാര വൃണപ്പെടുത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പൊതു തത്വങ്ങളുടെ ലംഘനമാണ് നോവലിലെ പരാമര്‍ശങ്ങളെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഡിസി ബുക്‌സ് പ്രസിദ്ധീകരണം തുടങ്ങാനിരിക്കുന്നത് കൊണ്ട് അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു രാധാകൃഷ്ണന്റെ ആവശ്യം.

മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കാനും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here