സംസ്ഥാനത്തെ മത്സ്യമേഖലയിൽ ഇടപെടലുമായി എല്‍ഡിഎഫ് സർക്കാർ; ലേലവും വിപണനവും നിയന്ത്രിക്കും; ഗുണനിലവാരം ഉറപ്പുവരുത്തും

സംസ്ഥാനത്തെ മത്സ്യമേഖലയിൽ ഇടപെടലുപമായി സർക്കാർ. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താനാണ് തീരുമാനം. കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കാന്‍ തീരുമാനമായി. ഒാണത്തിന് 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്ത് മത്സ്യത്തിൽ ‍വിഷം കണ്ടെത്തിയതും വില നിയന്ത്രണമില്ലാത്തതുമായ സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഇടപെടൽ. ഫിഷ് ലാന്‍റിംഗ് സെന്‍റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലത്തിന് നിയന്ത്രണമില്ല.

ഇതിലൂടെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സർക്കാർ നിയമത്തിലൂടെ നിയന്ത്രിക്കുന്നത്.

ഉപഭോക്താവിന്‍റെ കയ്യില്‍ എത്തുന്നതുവരെ മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മത്സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനവും കൊണ്ടുവരും.

കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്ന പേരിലാണ് നിയമം. മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബില്ലിന് പുറമെ കേരളത്തിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കാനും തീരുമാനിച്ചു. ഇതിനായി മത്സ്യത്തൊഴിലാളികളെയും പൊലീസിനെയും ഉള്‍പ്പെടുത്തിയ സ്ക്വാഡുകൾക്ക് പരിശീലനം നൽകും. ഏ‍ഴര കോടി രൂപയുടെതാണ് പദ്ധതി.

ഓണത്തിന് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിനൊപ്പം സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.2018-ലെ കേരള സ്പോര്‍ട്സ് ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News