ഉമ്പായി അന്തരിച്ചു; വിട വാങ്ങിയത് മലയാളിയുടെ ഗസല്‍ സുല്‍ത്താന്‍

തിരുവനന്തപുരം: മലയാളത്തിന്റെ ഗസല്‍ ഗായകന്‍ ഉമ്പായി നിര്യാതനായി. 68 വയസായിരുന്നു. അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭാര്യ: ഹബീബ, മക്കള്‍.ഷൈലജ, സബിത, സമീര്‍.

മൃതദേഹം നാളെ രാവിലെ പത്തു മണിയോടെ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
ഖബറടക്കം വൈകിട്ട് നാലു മണിക്ക് മട്ടാഞ്ചേരി കല്‍വാത്തി പള്ളിയില്‍ നടക്കും.

അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് നിറസാന്നിധ്യം

ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു.

കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തബല പഠിക്കണമെന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് പോയി. മുംബെയില്‍ ഉസ്താദ് മുജാ വര്‍ അലിയുടെ അടുത്തെത്തി.

അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു. ജീവിക്കാനായി അദ്ദേഹം എല്ലാ ജോലികളും ചെയ്തു.

ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല.

രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.

പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി.

ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here