സ്പെഷ്യലിസ്റ്റ് അദ്ധ്യാപക വേതനം ഇരട്ടിയായി വര്‍ധിപ്പിച്ച് സംസ്ഥാന സർക്കാർ

സർവ്വശിക്ഷാ അഭിയാനിന് കീ‍ഴിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് സംസ്ഥാന സർക്കാർ വേതനം വർദ്ധിപ്പിച്ചു. കേന്ദ്രസർക്കാർ അനുവദിച്ച വേതനത്തിന്‍റെ ഇരട്ടിയായിട്ടാണ് വർദ്ധനവ്. കരാർ നിയമനം നൽകുന്ന 2685 അദ്ധ്യാപകർക്കാണ് തീരുമാനത്തിന്‍റ ആനുകൂല്യം ലഭിക്കുക.

കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്‍റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷയിലേക്ക് കരാർ നിയമനം നൽകുന്ന കലാ-കായികം-പ്രവൃത്തി പരിചയം എന്നിവയിലെ അദ്ധ്യാപകരുടെ വേതനമാണ് സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കുന്നത്.

എസ്.എസ്.എയ്ക്ക് കീ‍ഴിൽ പ്രവർത്തിക്കുന്ന 2685 സ്പെഷ്യലിസ്റ്റ് അദ്ധ്യാപകപേർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഇവർക്ക് അനുവദിച്ച വേതനത്തിന്‍റെ ഇരട്ടി വേതനമാണ് ഇതിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുക.

എസ്.എസ്.എ പദ്ധതിയിൽ കഴിഞ്ഞ വർഷം വേതനമായി നൽകിയിരുന്നത് 25200 രൂപയാണ്. പുതുതായി രൂപം നൽകിയ സമഗ്ര ശിക്ഷയിൽ ഇത് കേന്ദ്ര സർക്കാർ 7000 രൂപയായി വെട്ടിക്കുറക്കുകയുണ്ടായി.

അതിൽ തന്നെ കേന്ദ്രവിഹിതം 4200 രൂപ മാത്രമാണ്. പരിമിതികൾക്കുള്ളിലും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സംസ്ഥാന സർക്കാരിൽ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം വേതനം വർദ്ധിപ്പിച്ചത്.

സംസ്ഥാന വിഹിതമായ 2800 രൂപയ്ക്ക് പുറമേ, സംസ്ഥാന സർക്കാർ അധികമായി അനുവദിച്ച 7,000 രൂപ കൂടി ചേർത്ത് പ്രതിമാസം 14,000/- രൂപ വേതനം നൽകാനാണ് തീരുമാനം.

പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ പിന്മാറണമെന്ന നവലിബറൽ നയത്തിൽ നിന്ന് വ്യത്യസ്തമായി, പരിമിതികൾക്കിടയിലും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനും സഹായകമായ നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here