
തൊടുപുഴ- വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല നടത്തിയത് പ്രൊഫഷണൽ കൊലയാളികളാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
വണ്ണപ്പുറം -കമ്പക്കാനത്ത് കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ അർജുൻ,ആർഷ എന്നിവരെ കൊന്ന് കുഴിച്ച് മൂടിയത് പ്രൊഫഷണൽ കൊലയാളികളാണെന്ന നിഗമനത്തിലാണ് പൊലീസ്.
കൂട്ടക്കൊല നടത്തിയ രീതി, ശരീരത്തിലേറ്റ മുറിവുകളുടെ ആഴം, വീടിന് സമീപത്തെ ആട്ടിൻ കൂടിന് പിറകിലെ കുഴിയിൽ മൃതദേഹങ്ങൾ ഒന്നിന് മീതെ മറ്റൊന്നായി മണ്ണിട്ട് മൂടിയത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന്റെ ഈ നിഗമനത്തിന് കാരണം.
പരിശോധനയിൽ കൊല്ലാനുപയോഗിച്ച ചുറ്റിക, കത്തി, മണ്ണിട്ട് മൂടാൻ ഉപയോഗിച്ച തൂമ്പ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദിയായിരുന്ന കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്.
മന്ത്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ തുടർന്നുണ്ടായ കൊലയാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here