ബന്ദിപ്പൂര്‍ രാത്രി യാത്രാ നിയന്ത്രണം നീക്കണം; പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി

ബന്ദിപ്പൂര്‍ രാത്രി യാത്രാ നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ എലവേറ്റഡ് പാതയോ അതല്ലെങ്കില്‍ റോഡിന് ഇരുവശത്തും കമ്പി വല നിര്‍മ്മിക്കാനോ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി വരുന്ന ചിലവ് കേരളവും കര്‍ണാടകയും ചേര്‍ന്ന് വഹിക്കണം.

ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷക്കായി റോഡിന്റെ വീതി 15 മീറ്റര്‍ വര്‍ധിപ്പിക്കണം. അതോടൊപ്പം മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ എലവേറ്റഡ് പാതയോ അതല്ലെങ്കില്‍ റോഡിന് ഇരു വശവും 8 അടി ഉയരത്തില്‍ കമ്പി വല കൊണ്ട് മതില്‍ തീര്‍ക്കുകയോ വേണം.

ഇതിനായി ചെലവ് വരുന്ന 46000 കോടി രൂപ കര്‍ണാടകവും കേരളവും ചേര്‍ന്ന് വഹിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ബന്ദിപ്പൂര്‍ വന മേഖലയിലൂടെ കടന്ന് പോകുന്ന വയനാട് മൈസൂര്‍ ദേശിയ പാത 212 ലെ രാത്രി യാത്രാവിലക്ക് നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദിപ്പൂരിലെ രാത്രി കാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു.

അതേസമയം ആഗസ്റ്റ് 8ന് ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരും. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് അന്ന് സുപ്രീം കോടതിയെ അറിയിക്കും. അതേസമയം ബന്ദിപ്പൂര്‍ രാത്രികാല ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി യുടെ നിലപാട്.

കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണം എന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാര്‍ശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News