‘മീശ’യിലുള്ളത് രണ്ട് സുഹൃത്തുകളുടെ സംവാദം മാത്രമെന്ന് സുപ്രീംകോടതി; നോവലിന് എതിരായ ഹര്‍ജി രാഷ്ട്രീയം മാത്രമെന്ന് സര്‍ക്കാര്‍

മീശ നോവലിലെ വിവാദമായ രണ്ട് അദ്ധ്യായങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് അഞ്ചു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രസാധകര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ഹര്‍ജി പരിഗണിക്കവെ നിരോധനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ത്തു. നോവലിലുള്ളത് രണ്ട് സുഹൃത്തുകളുടെ സംഭാഷണം മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ദില്ലിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളിയായ രാധാകൃഷ്ണല്‍ വരേണിക്കലാണ് നോവല്‍ പ്രസിദ്ധീകരണം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധനത്തെ കര്‍ശനമായി എതിര്‍ത്തു.

നോവലിലുള്ളത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണമാണെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും നിരീക്ഷിച്ചു. വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ല. ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കില്‍ മാത്രമേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ.

എന്നാല്‍ ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നോവലിന് എതിരായ ഹര്‍ജിയിലുള്ളത് രാഷ്ട്രീയം മാത്രമാണെന്നും നോവലില്‍ വിവാദമായത് ഒരു ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

നോവല്‍ ബ്രാഹ്മണന്മാരെയും സ്ത്രീകളെയും അപമാനിക്കുന്നുണ്ടെന്നും വില്‍പ്പന തടയണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

മീശ നോവലിലെ വിവാദമായ രണ്ട് അദ്ധ്യായങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് അഞ്ചു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രസാധകര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News