പാട്ടിൽ തീയും നിലാവും; ഭായിക്ക് പിന്നാലേ ഉമ്പായിയും

“കരളിൽ തീയെരിയുന്നു..
തലമണ്ട പുകയുന്നു…
മുന്നോട്ട് പായുന്നെന്റെ റെയില് വണ്ടി…
നേരെ മുന്നോട്ടു പായുന്നെന്റെ റെയില് വണ്ടി…..”

ഉമ്പായിക്കയുടെ മരണവാർത്തയെത്തുമ്പോൾ തീവണ്ടിയിലായിരുന്നു. മെഹബൂബ് ഭായി പാടി പിന്നെ ഉമ്പായിയും പാടി ഉള്ളുലച്ച ആ തീവണ്ടിയിൽ തന്നെയാണോ യാത്ര ചെയ്യുന്നതെന്ന് തോന്നിപ്പോയി.

അത്രമാത്രം ആരെയും ആഴത്തിൽ ബാധിക്കുന്ന മരണം. പാട്ടിൽ തീയും നിലാവും വാരിയൊഴിച്ച പാട്ടുകാരനെക്കുറിച്ച് പ്രണയികൾക്കാണ് കൂടുതൽ പറയാനാവുക. നമുക്കല്ല.

ബാബുരാജിന് ശേഷം ഗസൽ മലയാളിയുടെ ഹൃദയത്തിൽ കൂടു കെട്ടിയത് ഉമ്പായിയിലൂടെയായിരുന്നു. മെഹ്ദി സാബും ഗുലാം അലിയുമൊക്കെ ഇറങ്ങിയ സമുദ്രത്തിൽ കുളിച്ചവരെയും ഉമ്പായി ഒരരികിലൂടെയെങ്കിലും തഴുകിക്കൊണ്ടിരിന്നിട്ടുണ്ടാകണം.

അല്ലാത്തവരെ, അതായത് മറ്റൊരു പുഴയിലും ശീലമില്ലാത്തവരെ ഉമ്പായി ആകമാനം ഉലച്ചിരുന്നിരിക്കണം. അതായത് പാട്ടിൽ പറയുന്ന പാമരരെ. അല്ലെങ്കിലും പ്രണയ പാമരരെയല്ലാതെ ഗസൽ ആരെയാണ് തൊടുന്നത്.

മെഹബൂബ് ഭായിയുടെ ശിഷ്യനായിരുന്നു ഉമ്പായി. പെരുവിരൽ മാത്രമല്ല മുഴുവൻ വിരലുകളും ഗുരുവിന് അടിയറ വെച്ച ശിഷ്യൻ. തബലയിൽ വിരലുകളുടെ ടോൺ ശ്രദ്ധിച്ച ഗുരു തന്നെയാണ് ഉമ്പായിയെ ബോംബെയിലേക്ക് വണ്ടി കയറ്റിയത്.

പിന്നത്തെ കഥ എല്ലാവർക്കും ഹൃദിസ്ഥം. ഒരു തെരുവു ഗുണ്ടയുടെ മുഖം മാത്രമല്ല ജീവിതവും അങ്ങനെ തീയിൽ നടന്നെത്തിയതാണെന്ന് ഉമ്പായിക്ക പറഞ്ഞ് നമുക്കൊക്കെയറിയാം.

സിനിമാപ്പാട്ടുകാർ പകുത്തെടുത്ത മലയാളിയുടെ പാട്ടു ചരിത്രത്തിൽ ഉമ്പായി വേറെ തന്നെ മുഴക്കമായി. സാധാരണക്കാരുടെ പ്രീതി നേടി തന്നെ ഉയർന്നു നിന്നു എന്നതിലാണ് കാര്യം.

സിനിമയുടെ അകമ്പടിയില്ലെങ്കിലും വിലാസമില്ലെങ്കിലും ഉമ്പായിയുടെ പാട്ടു ജീവിതത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. കൂടുതലേ ഉണ്ടായിട്ടുള്ളൂ.

അതു കൊണ്ടാണ് അങ്ങനെയൊരു പാട്ടുകാരൻ നമുക്ക് വേറെയില്ലെന്ന് പറയുന്നത്. ഒരു പക്ഷേ ഭായിക്ക് ശേഷം കൊച്ചിക്കാരെ ഇങ്ങനെ ബാധിച്ച മരണവുമുണ്ടായിട്ടുണ്ടാവില്ല.

ഉമ്പായി ജീവിക്കാൻ ഗതിയുണ്ടാക്കിയിരുന്നു എന്ന വ്യത്യാസമുണ്ട്. മെഹബൂബ് ഭായി അങ്ങനെയല്ലേയല്ല. അദ്ദേഹത്തിന്റെ മൃതദേഹം പോലും ഒരു മീൻ വണ്ടിയിലായിരുന്നു കൊച്ചിയിൽ കൊണ്ടു വന്നിരുന്നത്.

ആ നിസ്വത അലങ്കാരമാക്കിയില്ലെങ്കിലും ഉമ്പായിയുടെ പാട്ടിൽ നിസ്വത യഥേഷ്ടം നിറഞ്ഞു നിന്നു. ഒരു പക്ഷേ ഭായി പാടിയലഞ്ഞ വഴികളിലൂടെയല്ലാം ഉമ്പായിയും അലഞ്ഞിട്ടുണ്ട്.

തെരുവിൽ ഹൃദയം ഉപേക്ഷിച്ചു പോയ ആ പാട്ടുകാരന്റെ പുനർജ്ജനി ഉമ്പായിയുടെയും ശബ്ദത്തിലുണ്ട്. രാവൊഴിയും വരെ ഉമ്പായിയും കല്യാണ സെറ്റുകളെ കൊഴുപ്പിച്ചിട്ടുണ്ട്.

ഭായിയെക്കുറിച്ചുള്ള ഓർമ്മകൾക്കു വേണ്ടിയാണ് ഒരിക്കൽ ഞങ്ങൾ ഉമ്പായിക്കയെ സമീപിച്ചത്. ഉമ്പായിക്ക പാടിയും പറഞ്ഞും ഭായി തന്നെയായി മാറി.

ഭായിയുടെ പാട്ടുകൾ വേറെ ലവലിൽ ഞങ്ങൾക്ക് കേൾക്കാനായി. പഴയ കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും ചരിത്രം പാട്ടായി പ്രകമ്പനം കൊണ്ടു.

സമരം പോലും ഉമ്പായിക്ക പാടുമ്പോൾ പ്രണയമാവും. എന്തൊരു രാസ വിദ്യയാണത്! അങ്ങനെയൊരു പാട്ട് ഞാൻ ഇവിടെ പാടി നോക്കുകയാണ്. ഉമ്പായിക്കയുടെ ഓർമ്മകൾക്ക് മുന്നിൽ.

“പൊന്മുകിൽ മാനത്ത് പൂക്കുമ്പം
അന്ന് പുഞ്ചകൾ കൊയ്യുവാൻ പോകണ്ടേ..
മാനത്ത് പുഞ്ചകൾ പൂത്തിട്ടും
കതിർ കോർത്തിട്ടും
വെള്ളി മാമലപ്പെണ്ണിനെ കണ്ടില്ലാ..
നാളത്തെ പൂക്കണി കാണണ്ടേ..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News