പാലക്കാട് നഗരത്തില്‍ മൂന്ന് നിലക്കെട്ടിടം തകര്‍ന്നുവീണു; ഏഴു പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; കെട്ടിട ഉടമക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്ന് നിലക്കെട്ടിടം തകര്‍ന്നുവീണു. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാനപങ്ങള്‍ പ്രവര്‍ത്തിക്കുന്ന സരോവരം എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.

മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കെട്ടിടത്തിനുള്ളില്‍പ്പെട്ട ഏഴു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടക്കുംതറ സ്വദേശി സുനില്‍ (42), പ്രകാശ് (51), റഫീഖ്, ശിവരാമന്‍, ശാന്തി, ജഗദീഷ്, സുഭാഷ് എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ എത്ര പേരുണ്ടെന്ന് കൃത്യമായ വിവരമില്ല. ഏകദേശം ഇരുപതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.

അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയായ അബ്ദുള്‍ മനാഫിനെതിരെ കേസെടുക്കും.

പൊലീസും അഗ്‌നിശമന സേനയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

അപകടസ്ഥലത്ത് മന്ത്രി എകെ ബാലന്‍ സന്ദര്‍ശനം എത്തും.

അപകടം അറിഞ്ഞ ഉടനെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ & റസ്ക്യൂ മേധാവി, ജില്ലാ മേഡിക്കല്‍ ഓഫീസര്‍, എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് ജില്ലാ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്താനും ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.

അടിയന്തിര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here