അന്തരിച്ച ഗസൽ ഗായകൻ ഉമ്പായിക്ക് കലാലോകത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അന്തരിച്ച ഗസൽ ഗായകൻ ഉമ്പായിക്ക് കലാലോകത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മട്ടാഞ്ചേരി കൽവത്തി കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കൽവത്തി ജുമാ മസ്ജിദിൽ അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കി.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ വിവിധ രംഗങ്ങളിലെ പ്രമുഖർ ഉമ്പായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

അർബുദ ബാധയെ തുടർന്ന് ഇന്നലെ വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്പായിയുടെ അന്ത്യം സംഭവിച്ചത്.

ആറു മണിയോടെ മൃതദേഹം കൂവപ്പാടത്തെ വീട്ടിലെത്തിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം P. രാജീവ് ഉൾപ്പടെയുള്ളവർ ഇന്നലെ അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടെയെത്തിയിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം കൽവത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു.ഉമ്പായിയുടെ ആരാധകരും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് കൊച്ചിയുടെ പ്രിയപ്പെട്ട ഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ കമ്മ്യൂണിറ്റി ഹാളിൽ എത്തിയത്.

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി ആര്‍.ഡി.ഒ എസ് ഷാജഹാന്‍ റീത്ത് സമർപ്പിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,എം എൽ എ മാരായ എം സ്വരാജ്, കെ ജെമാക്സി, വി കെ ഇബ്രാഹിം കുഞ്ഞ്, മേയർ സൗമിനി ജെയിൻ ,ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള സംഗീത സംവിധായകൻ എം കെ അർജുനൻ, സംവിധായകൻ സിദ്ദിഖ് ,ഗായകൻ അഫ്സൽ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

തുടർന്ന് പതിനൊന്നേ മുക്കാലോടെ സർക്കാർ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആദരമർപ്പിച്ചു.ഇതിനു ശേഷം മൃതദേഹം കൽവത്തി ജുമാ മസ്ജിദിൽ എത്തിച്ച് മതാചാര പ്രകാരം ഖബറടക്കം.

മലയാളിയുടെ സായാഹ്നങ്ങളെ ഗസലുകൾ കൊണ്ട് സമ്പന്നമാക്കിയ കൊച്ചിയുടെ സംഗീത ചക്രവർത്തിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകിയാണ് ഖബറടക്ക ചടങ്ങിനെത്തിയ ആരാധകരുൾപ്പടെ മുഴുവൻ പേരും മട്ടാഞ്ചേരിയിൽ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here