പാലക്കാട് അപകടത്തില്‍പ്പെട്ട കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മിച്ചത് നിയമങ്ങള്‍ ലംഘിച്ചെന്ന് സൂചന; നഗരസഭാ പരിധിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് മന്ത്രി ബാലന്‍

പാലക്കാട്: പാലക്കാട് നഗരത്തില്‍ അപകടത്തില്‍പ്പെട്ട കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മിച്ചത് നിയമങ്ങള്‍ ലംഘിച്ചെന്ന് സൂചന. നഗരസഭാ പരിധിയിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ബാലന്‍.

കാലപ്പഴക്കം ചെന്ന കെട്ടിടം പരിശോധിക്കാനും ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നഗരസഭയുടെ തീരുമാനം. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരും.

തകര്‍ന്നു വീണ കെട്ടിടത്തിന് അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് അനുമതി നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുന്പ് മാത്രമാണ്. എന്നാല്‍ ടൂറിസ്റ്റ് ഹോം പ്രവര്‍ത്തിച്ചിരുന്ന മൂന്നാം നില അനുമതിയില്ലാതെയാണ് നിര്‍മിച്ചതെന്നാണ് സൂചന.

ഭാഗികമായി തകര്‍ന്ന കെട്ടിടത്തില്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തി ആവശ്യമാണെങ്കില്‍ സീല്‍ ചെയ്യും. അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ പരിശോധ നടത്തി ആവശ്യമാണെങ്കില്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കുമെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നു വീണ സ്ഥലവും പരുക്കേറ്റവരെയും മന്ത്രി എകെ ബാലന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചു ചേര്‍ത്തു.

നഗരസഭാ പരിധിയില്‍ കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങളുണ്ടെന്നും ഇവിടങ്ങളില്‍ അടിയന്തിരമായി പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട് തേടി.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് അപകടത്തെക്കുറിച്ചും നാശനഷ്ടത്തെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News