പൗരത്വ പട്ടികയില്‍നിന്ന് ഇന്ത്യക്കാരായ ആരെയും ഒഴിവാക്കരുതെന്ന് സിപിഐഎം

ദില്ലി: അസമില്‍ തയ്യാറാക്കുന്ന ദേശീയ പൗരത്വപട്ടികയില്‍നിന്ന് ഇന്ത്യക്കാരായ ആരെയും ഒഴിവാക്കരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത 40 ലക്ഷംപേര്‍ ‘അനധികൃത കുടിയേറ്റക്കാരാണെന്ന്’ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത് വ്യാപകമായ ഭയാശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

അസമിലെ അനധികൃത കുടിയേറ്റപ്രശ്‌നം പരിഹരിക്കാന്‍ 1971 അടിസ്ഥാനവര്‍ഷമായി നിശ്ചയിച്ച് ഒപ്പിട്ട അസം കരാറിന്റെ ഭാഗമായിരുന്നു ദേശീയ പൗരത്വപട്ടിക (എന്‍ആര്‍സി).

ഈ പട്ടിക തയ്യാറാക്കാനുള്ള നടപടി സുപ്രീംകോടതി ഇടപെടുന്നതുവരെ ആരംഭിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും മേല്‍നോട്ടത്തിലുമാണ് പട്ടിക തയ്യാറാക്കുന്നത്.

കരട് പട്ടിക തയ്യാറാക്കിയതില്‍ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും സ്ത്രീകള്‍ വന്‍തോതില്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.

കൃത്യമല്ലാത്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് മറ്റ് ഒട്ടേറെപ്പേര്‍ പരാതിപ്പെടുന്നു. റേഷന്‍കാര്‍ഡുപോലുള്ള രേഖകളും നിരാകരിക്കപ്പെട്ടു.

ഒരേ കുടുംബത്തിലെ ചിലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ പുറത്തായി. 40 ലക്ഷംപേര്‍ പട്ടികയില്‍നിന്ന് പുറത്തായതില്‍ ആശങ്കയും ഉല്‍ക്കണ്ഠയും ഉയര്‍ന്നിരിക്കുന്നു.

പുറത്തായവര്‍ നല്‍കുന്ന എല്ലാ അപേക്ഷകളും ശരിയായ രീതിയില്‍ പരിശോധിച്ച് തെറ്റ് തിരുത്തണം. അപേക്ഷ നല്‍കാന്‍ മതിയായ സമയം അനുവദിക്കണം.

അതിനുശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാവൂ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്തണമെന്നും പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here