കീഴാറ്റൂര്‍ ബൈ പാസ് വിഷയം പഠിക്കാന്‍ കേന്ദ്രം വിദഗ്ദസംഘത്തെ നിയോഗിക്കും. കേരളത്തില്‍ നിന്നുള്ള നിവേദക സംഘം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അലൈന്‍മെന്റ് മാറ്റാനുള്ള ബിജെപിയുടെ ശ്രമം നടപ്പിലായില്ല.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയിലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണാന്തനം പറഞ്ഞു.

കീഴാറ്റൂരിലൂടെയുള്ള ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം മരവിപ്പിക്കാതെയാണ് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം.

വിദഗ്ധസമിതി ബദല്‍ സാദ്ധ്യതകളും പരിശോധിക്കും. ബൈപാസ്സിന് പകരം മേല്‍പ്പാലം എന്ന നിവേദക സംഘത്തിന്റെ ആവശ്യത്തെ നിതിന്‍ ഗഡ്കരി തള്ളി.

സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അലൈന്‍മെന്റില്‍ പൂര്‍ണമായും മാറ്റം വരുത്താനായിരുന്നു ബിജെപി ശ്രമം.കീഴാറ്റൂരിനൊപ്പം വേളപുരം,തുരുത്തി എന്നിവിടങ്ങളിലെ അലൈന്‍മെന്റിനെ സംബന്ധിച്ചും സമിതി പഠനം നടത്തും.

എന്നാല്‍ വിദഗ്ദ സമിതിയെ എപ്പോള്‍ നിയമിക്കുമെന്നോ ,എത്ര ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നോ യോഗത്തില്‍ തീരുമാനമായില്ല. വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വയല്‍കിളികള്‍ സ്വാഗതം ചെയ്തു.