റഷ്യന്‍ ലോകകപ്പിലെ വലിയ ദുരന്തമായിരുന്നു അര്‍ജന്‍റീനയുടെ പുറത്താകല്‍.ഏറെ പ്രതീക്ഷയോടെ എത്തിയ ടീം ദുരന്തമായി തിരികെ വണ്ടികയറി. ആരാധകര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനൊപ്പം ഉയരാന്‍ മെസിയുടെയും കൂട്ടരുടെയും അര്‍ജന്‍റീനയ്ക്ക് ക‍ഴിഞ്ഞില്ല. കിരീടത്തിന് അടുത്തു പോലും എത്താന്‍ സാധിക്കാതെ

റഷ്യന്‍ ലോകകപ്പില്‍ തകര്‍ന്നടിയുകയായിരുന്നു സാം പോളിയുടെ ടീം. പരിചയസമ്പന്നരായ കളിക്കാര്‍ ഏറെയുണ്ടായിട്ടും സാംപോളിയുെടെ തന്ത്രങ്ങളൊന്നും ഫലിക്കാതെ പോയി. പ്രീക്വാര്‍ട്ടര്‍ കടക്കാതെ പുറത്തേക്കു പോയതോടെ സാംപോളിയുടെ പരിശീലനസ്ഥാനവും തെറിച്ചു.

ഇനിയാരുണ്ട് അര്‍ജന്‍റീനയെ നയിക്കാനെന്ന ചോദ്യം ഉയരുന്നതിനിടെയാണ് ഒന്നല്ല രണ്ടു പേരാണ് ടീമിനെ നയിക്കാനെത്തുന്നതെന്ന വാര്‍ത്ത പുറത്തുവരുന്നത്. രണ്ട് പരിശീലകരെയാണ് അര്‍ജന്‍റീന താത്കാലികമായി നിയോഗിച്ചിരിക്കുന്നത്.

ലിയോണല്‍ സ്കാളോനിയെയും പാബ്ലോ എയ്മറെയുമാണ് താല്‍ക്കാലിക പരിശീലകരായി നിയമിച്ചിരിക്കുന്നത്. നേരത്തെ, സാംപോളിയുടെ പരിശീലക സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും അര്‍ജന്‍റീന അണ്ടര്‍ 20 ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു സ്കാളോനി. സഹ പരിശീലകനായിരുന്നു എയ്മര്‍.

ഇരുവരുടെയും പരിശീലന മികവില്‍, മെസിയുംകൂട്ടരും പ‍ഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീനന്‍ ആരാധകര്‍.