പാലക്കാട് നഗരത്തില്‍ സുരക്ഷിതമല്ലാത്ത 161 കെട്ടിടങ്ങള്‍; നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് 30 കെട്ടിടങ്ങള്‍; പരിശോധന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പാലക്കാട് നഗരത്തില്‍ സുരക്ഷിതമല്ലാത്ത 161 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തല്‍. കെട്ടിടനിര്‍മാണ നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് 30 കെട്ടിടങ്ങള്‍. സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ മുനിസിപ്പാലിറ്റി തീരുമാനം.

ക‍ഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍റിനടുത്ത് കെട്ടിടം തകര്‍ന്നു വീണതിന്‍റെ പശ്ചാത്തലത്തിലാണ് നഗരസഭാ പരിധിയിലെ കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്നത്.

പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും റവന്യൂ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. കെട്ടിടനിര്‍മാണനിയമംലംഘിച്ച് നിര്‍മിച്ചതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കാലപ്പ‍ഴക്കം ചെന്നതുമായ നിരവധി കെട്ടിടങ്ങള്‍ നഗരസഭാ പരിധിയിലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.

86 കെട്ടിടങ്ങളും, 75 കടമുറികളും കാലപ്പ‍ഴക്കം ചെന്നതും സുരക്ഷിതമല്ലാത്തതുമായി ആദ്യദിനം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതിന് പുറമെ 30 കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മാണപ്രവൃത്തികള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്ക് അടിയന്തിരമായി നോട്ടീസ് നല്‍കി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.

നാല് സംഘങ്ങളായി നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ജില്ലയിലെ മു‍ഴുവന്‍ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ഡിവിഷണല്‍ ഫയര്‍ സേഫ്റ്റി ഓഫീസര്‍ അരുണ്‍ ഭാസ്ക്കര്‍ പറഞ്ഞു.

അപകടം നടന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്‍റെ വലിയൊരു ഭാഗം പൊളിച്ചു നീക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News