ദേശീയപാത വികസനം: സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സമരക്കാരുമായി കേന്ദ്രം ചര്‍ച്ച നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് കോടിയേരി; ‘കേരളത്തിന് വികസനം നിഷേധിക്കുന്ന കേന്ദ്രനടപടി മലയാളികള്‍ക്ക് മനസിലാവുന്നുണ്ട്, അത് മറക്കരുത്’

തിരുവനന്തപുരം: ദേശീയപാത വികസന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ സമരക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേന്ദ്ര സംസ്ഥാന ബന്ധത്തെ തകര്‍ക്കുന്ന കേന്ദ്രനിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സംസ്ഥാനത്തെ മാറ്റിനിര്‍ത്തിയുള്ള ഇത്തരം ചര്‍ച്ചകള്‍ ഭാവിയില്‍ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ദേശീയപാത എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രത്തിന് കീഴിലുള്ള ദേശീയപാത വികസന അതോറിറ്റിയാണ്.

ഭൂമി ഏറ്റെടുത്ത് നല്‍കുകയെന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതില്‍ എന്തെങ്കിലും തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ വന്നാല്‍ സംസ്ഥാനവുമായാണ് ചര്‍ച്ചചെയ്യേണ്ടത്. അതിനുപകരമായി വികസനത്തിനെതിരായ സമരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ വടക്കന്‍മേഖല പിന്നോക്കമാണ്. പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍. കേന്ദ്രവുമായി ചേര്‍ന്ന് ഈ സ്ഥിതിക്ക് മാറ്റംവരുത്താനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി വിജ്ഞാപനം പുറപ്പെടുവിച്ചതും അലൈന്‍മെന്റ് തീരുമാനിച്ചതുമെല്ലാം എന്‍എച്ച്എഐയാണ്.

ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരുമായാണ് ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. ഇപ്പോള്‍ സംസ്ഥാനത്തെ അറിയിക്കാതെ ചര്‍ച്ചനടത്തിയതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ട്.

തെരഞ്ഞെടുപ്പ് നേട്ടത്തിനായി രണ്ട് കിളികളെ പിടിക്കുന്നതിനുള്ള രാഷ്ട്രീയകളിയാണിത്. മന്ത്രിയെയും കേന്ദ്രത്തെയുമെല്ലാം ഉപയോഗിച്ച് കിളികളെ പിടിക്കാനാണ് ബിജെപി ശ്രമം.

കേരളത്തിന് വികസനം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി മലയാളികള്‍ക്ക് മനസിലാവുന്നുണ്ട്. അത് മറക്കരുതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News