കെഎസ്ആര്‍ടിസി തൊ‍ഴിലാളികള്‍ പണമുടക്കിലേക്ക്

കെ എസ് ആര്‍ ടി സി തൊ‍ഴിലാളികള്‍ പണമുടക്കിലേക്ക്. ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക,മാനേജ്മെന്‍റിന്‍റെ തൊ‍ഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്.

ആഗസ്റ്റ് 7 ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിന്‍റെ തൊ‍ഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 7 ന്സൂചനാ പണിമുടക്ക് നടത്താനൊരുങ്ങുന്നത്.

ശബളപരിഷ്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിക്കരിക്കുക. യാത്രാ ദുരിതം വര്‍ദ്ധിപ്പിക്കും വിധമുളള ഷെഢ്യുല്‍ പരിഷ്കാരം ഉപേക്ഷിക്കുക.

ഡ്യൂട്ടിക്കിടയില്‍ പരിക്കേറ്റവരെയും ഗുരതര രോഗമുളളവരെയും സംരക്ഷിക്കുക, തടഞ്ഞ് വെച്ച പ്രമോഷനുകള്‍ അനുവദിക്കുക.

ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക ,വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, താല്‍കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ഉറപ്പ് വരുത്തുക, തുടങ്ങി 18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ എസ് ആര്‍ ടി സിയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത മുന്നണി സൂചനാ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ആഗസ്റ്റ് 6ന് രാത്രി ആരംഭിക്കുന്ന പണിമുടക്കില്‍ സി ഐ ടി യു, എഐടിയുസി , ഐന്‍ടിയുസി ഡ്രൈവേ‍ഴ്സ് യൂണിയന്‍ എന്നീ സംഘടനകള്‍ പങ്കെടുക്കും.

സി എം ഡി ടോമിന്‍ തച്ചങ്കരി നടത്തുന്ന അസത്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

വേണ്ടത്ര ഗൃഹപാഠം നടത്താതെ ഉത്ഘാടനം ചെയ്ത പുതിയ സര്‍വ്വീസുകള്‍ കോര്‍പ്പറേഷന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് തൊ‍ഴിലാളികള്‍ ആരോപിക്കുന്നു.

പിങ്ക് ബസ് സര്‍വ്വീസ് ലക്ഷ്യം കാണാതെ വ‍ഴിയില്‍ ഉപേക്ഷിച്ചു. ഫ്ലൈ ബസുകളുടെ പ്രതിദിന വരുമാനം 2500 രൂപയാണ് ,വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിക്കുക എന്നതിനപ്പുറം ക്രിയത്മകമായ ഒരു ഇടപെടലും മാനേജ്മന്‍റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും തൊവിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

പ്രതിസന്ധിയില്‍ അകപ്പെട്ട സ്ഥാപനത്തെ കരകയറ്റാന്‍ എല്ലാ വിധ പിന്തുണയും നല്‍കിയവാരാണ് തൊ‍ഴിലാളി പ്രസ്ഥാനങ്ങളെന്നും എന്നാല്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ അവകാശങ്ങള്‍ നിക്ഷേധിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വിവിധ തൊ‍ഴിലാളി നേതാക്കളായ സികെ ഹരികൃഷ്ണന്‍, ആര്‍ അയ്യപ്പന്‍, എംജി രാഹുല്‍ , ആര്‍ ശശിധരന്‍ എന്നീവരാണ് വാര്‍ത്താസമ്മേളനം നടത്തി സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News