എെഫോണിനെ വെല്ലാന്‍ പുതിയ മോഡലുമായി സാംസങ്; നോട്ട് 9 ഓഗസ്ത്തില്‍ വിപണിയിലെത്തും

സാംസങിന്‍റെ ഈ വര്‍ഷത്തെ സുപ്രധാന ടോപ്-എന്‍ഡ് ഫോണുകളില്‍ ഒന്നായ ഗ്യാലക്‌സി നോട്ട് 9 വിപണിയിലേക്കെത്തുന്നു.

എെ ഫോണിന്‍റെ പുതിയ മോഡലുകള്‍ വിപണിയിലവതരിപ്പിച്ചതിന് മുമ്പും ശേഷവുമായാണ് സാധാരണഗതിയില്‍ സാംസങ്ങിന്റെ പുതിയ മോഡലുകള്‍ അവതരിപ്പിക്കാറ്.

സാംസങ്ങിന്റെ മറ്റൊരു പ്രധാന മോഡലായ ഗ്യാലകസി S9 ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. ഇനി നോട്ട് സീരിസിലെ നോട്ട് 9 മോഡലുകള്‍ സെപ്റ്റംബറിലെ ഐഫോണ്‍ അവതരണത്തിനു ശേഷമായിരിക്കും എത്തുക എന്നാണ് മൊബൈല്‍ വിപണിയില്‍ ശ്രദ്ധിക്കുന്നവര്‍ കരുതിയിരുന്നത്.

ഈ വര്‍ഷം സാംസങ് ആ രീതിക്കു മാറ്റം വരുത്തുകയാണ്. ഓഗസ്റ്റ് 9ന് നോട്ട് 9 അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

ഇന്തൊനീഷ്യന്‍ വിപണിയിൽ എത്താനിരിക്കുന്ന 128GB/512GB മോഡലുകളുടെ ഏകദേശ വിലയും പുറത്തായിട്ടുണ്ട്. അവയുടെ പരസ്യ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ എത്തുകയായിരുന്നു.

128 GB സംഭരണശേഷിയുള്ള കുറഞ്ഞ വേരിയന്റിന് ഏകദേശം 64,000 രൂപയായിരിക്കാം വില. കൂടിയ മോഡലിന് ഏകദേശം 83,000 രൂപ വരെ വില വന്നേക്കും.

പക്ഷെ സാധാരണ ഗതിയില്‍ കാണുന്ന 64GB/256GB മോഡലുകളെക്കുറിച്ച് സൂചനകളൊന്നും ഇല്ല. 4K വിഡിയോയും മറ്റും റെക്കോഡു ചെയ്യാവുന്ന ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്ക് 64GB തീരെക്കുറവാണെന്ന് തീരുമാനിച്ചതിനാലാകാം.

നിലവില്‍ വിപണിയിലുള്ള സാംസങ്ങിന്റെ S പെന്നിനും (S Pen) ചെറിയ ഡിസൈന്‍ വ്യത്യാസം ഈ വര്‍ഷമുണ്ട്. (ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡല്‍ ഐഫോണിന് ഒരു സ്‌റ്റൈലസ് കണ്ടേക്കാമെന്നും ചില അഭ്യൂഹങ്ങളുണ്ട്.)

സാംസങ് ഗ്യാലക്‌സി നോട്ട് 9 ല്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍:

നവീകരിച്ച ഇരട്ട ക്യാമറകളായിരിക്കും ഈ മോഡലിന്‍റെ പ്രധാന ആകര്‍ഷണീയത. നോട്ട് 9ല്‍ എടുക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ഗുണമേന്മ ഉയര്‍ത്താനുള്ള ചില ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

രാജ്യാന്തര വിപണിയിൽ സാംസങ്ങിന്റെ എക്‌സിനോസ് 9810 പ്രൊസസറോ അല്ലെങ്കില്‍ അതിലും പുതിയ എക്‌സിനോസ് 9820 പ്രൊസസറോ (Exynos 9810/9820 SoC) ആയിരിക്കാം ശക്തി പകരുന്നത്.

എന്നാല്‍ അമേരിക്കന്‍ വിപണിയിൽ എത്തിക്കാനുള്ള മോഡലുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറായിരിക്കും ഉണ്ടാകുക.

18.5:9 അനുപാതത്തിലുള്ള, 6.4-ഇഞ്ച് ക്വാഡ് എച്ഡി പ്ലസ് (QHD+) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയാണ് ഈ മോഡലിനു പ്രതീക്ഷിക്കുന്നത്.

ഡിസ്‌പ്ലെ നിര്‍മാണത്തില്‍ സാംസങ്ങിനുള്ള കഴിവുകള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരിക്കുമിത് എത്തുന്നത്. 8GB വരെ റാമും 512GB വരെ സംഭരണ ശേഷിയുമുള്ള വേരിയന്റുകളും പ്രതീക്ഷിക്കുന്നു.

പുതിയ ഫീച്ചറുകളുള്ള ഫോണ്‍ കാണിച്ച് പൊതുവെ ഐഫോണ്‍ പ്രേമികളുടെ മനമിളക്കാന്‍ സാംസങ്ങിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here