ലാഭക്കണക്കില്‍ ജൈവകൃഷിയും; വിജയ ചരിതമെ‍ഴുതി വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്

ജൈവകൃഷിയില്‍ വിജയം കൊയ്ത് വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്. വിഷരഹിത പച്ചക്കറിയാണ് പ്രധാന കൃഷി.

വടകര മണിയൂര്‍ കുന്നത്തുകരയിലെ ഹൈടെക് ഓര്‍ഗാനിക് ഫാമിലെത്തുന്നവര്‍ക്ക് വിളകള്‍ വാങ്ങുന്നതിനൊപ്പം ആധുനിക കൃഷി രീതി മനസ്സിലാക്കാനും സൗകര്യമുണ്ട്.

ഞാറ്റുവേല എന്ന പേരിൽ ആരംഭിച്ച ഉൽപ്പന്ന പ്രദർശന വിപണനമേള മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കര്‍ഷകര്‍ക്ക് വായ്പ നല്‍കല്‍ മാത്രമല്ല, മണ്ണില്‍ പൊന്നുവിളയിക്കാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് വടകര നടക്കുതാഴെ സര്‍വ്വീസ് സഹകരണ ബാങ്ക്.

പഴമക്കാരുടെ കൃഷി അറിവുകള്‍ക്കൊപ്പം നൂതനസാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് ജൈവകൃഷി. വിഷം തീണ്ടിയ പച്ചക്കറികള്‍ വലിയ ചോദ്യചിഹ്നമായപ്പോഴാണ് നടക്കുതാഴെ ബാങ്ക് ജൈവകൃഷിയിലേക്ക് തിരിഞ്ഞത്.

പോളിഹൗസും മഴമറയും നിര്‍മ്മിച്ചാണ് കൃഷി. അതുകൊണ്ട് തന്നെ കോരിച്ചൊരിയുന്ന മഴയത്തും ഇവിടെ പച്ചക്കറിക വിളയുന്നു.

മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങി ഈ വര്‍ഷം ജനുവരിയിലാണ് ഫാം പ്രവര്‍ത്തനം തുടങ്ങിയതെന്ന് ബാങ്ക് പ്രസിഡന്റ് ഇ.അരവിന്ദാക്ഷന്‍ പറഞ്ഞു.

പോളിഹൗസ്, മഴമറ തുടങ്ങിയ ആധുനികസങ്കേതങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ വിവിധഘട്ടങ്ങളിലായി 82 ലക്ഷം രൂപ അനുവദിച്ചു. രണ്ട് പോളിഹൗസുകളില്‍ മുളകാണ് കൃഷി, ഒന്നില്‍ നീളന്‍പയറും, തക്കാളി കൃഷി ഉടന്‍ തുടങ്ങും.

മഴമറയില്‍ വഴുതനയും വെണ്ടയും കൃഷി ചെയ്യുന്നു. എല്ലാദിവസവും വിളവെടുപ്പുണ്ട്. ഫാമിലുളള അഞ്ച് ജഴ്‌സി പശുക്കളില്‍ നിന്ന് ദിവസം 50 ലിറ്ററോളം പാല്‍ ലഭിക്കുന്നു.

റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, തായ്‌ലന്‍ഡ് ചാമ്പ, പീനട്ട്, ബട്ടര്‍ഫ്രൂട്ട്, വിവിധിഇനം മാവുകള്‍, പ്ലാവ് എന്നിങ്ങനെ വിവിധ പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നു. ഇവയുടെ തൈകളും വില്‍പ്പനയ്ക്കായുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News