വിവാദങ്ങള്‍ ഒ‍ഴിയാതെ ജഡ്ജി നിയമനം; കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം കത്തുന്നു

ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയതില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അതൃപതി. കൊളീജിയത്തില്‍ അംഗം ആയ ചില ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം നാളെ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് അറിയിക്കും.

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം ജോസഫിനെ നിയമിച്ച ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയതിലാണ് സുപ്രീം കോടതി ജഡ്ജിമാര്‍ അതൃപതി വ്യക്തമാക്കിയത്.

പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനെര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര്. ഇത് ശരിയല്ലെന്നും കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നുമാണ് പ്രതിഷേധമുള്ള ജഡ്ജുമാരുടെ ആവശ്യം.

ജസ്റ്റിസ് കെഎം ജോസഫിന്റെ പേരു ജനുവരി പത്തിനാണ് കൊളീജിയം അയച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകള്‍ അയച്ചത് ജൂലൈ 16 നും. അപ്പോള്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് കെ.എം ജോസഫ് മൂന്നാമത് ആകുന്നത് എങ്ങനെയെന്നാണ് പ്രതിഷേധിക്കുന്ന ജഡ്ജിമാരുടെ ചോദ്യം.

കൊളീജിയത്തില്‍ അംഗം ആയ ചില ജഡ്ജിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധം നാളെ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് അറിയിക്കാനാണ് തീരുമാനം. ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും.

നാളെ 10.30 ന് പുതുതായി നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് ജഡ്ജിമാരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here