രാജ്യത്തെ മികച്ച ശുചിത്വ ജില്ലയെ കണ്ടെത്താൻ തിരുവനന്തപുരത്ത് സർവെ

മാലിന്യ സംസ്‌കരണ രംഗത്തു രാജ്യത്തെ ഏറ്റവും മികച്ച ജില്ലയേയും പഞ്ചായത്തിനേയും കണ്ടെത്തുന്നതിനുള്ള സർവെയ്ക്കായി കേന്ദ്ര ഏജൻസി തിരുവനന്തപുരത്ത് എത്തുന്നു. ഓഗസ്റ്റ് 10 മുതൽ 31 വരെ സംഘം വിവിധ കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കെത്തും.

സ്‌കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലാണു സന്ദർശനം. കേന്ദ്ര ശുചിത്വ – കുടിവെള്ള മന്ത്രാലയമാണു സർവെയ്ക്കു നേതൃത്വം നൽകുന്നത്.

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേഷൻ ഗ്രാമീൺ – 2018 പദ്ധതി പ്രകാരം നടപ്പാക്കിയ ശുചിത്വ മാലിന്യ പദ്ധതികളാകും സംഘം വിലയിരുത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനം, വിവിധ വകുപ്പുകൾ, മിഷനുകൾ, സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ സർവെയുടെ ഭാഗമാകും.

ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളെ സർവെയിൽ മുൻപന്തിയിലെത്തിക്കുന്നതിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്നു കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ശുചിത്വ രംഗത്തു ജില്ലയിലെ ഗ്രാമങ്ങളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ സംഘത്തെ ബോധ്യപ്പെടുത്തുന്നിനുള്ള കർമ പദ്ധതി തയാറാക്കിയുള്ള പ്രവർത്തനങ്ങൾ നടത്താനും കളക്ടർ അഭ്യർഥിച്ചു.

പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതും വെള്ളക്കെട്ടും ഒഴിവാക്കണം. ക്വാറി വേസ്റ്റ്, കല്ല്, മണ്ണ് എന്നിവ കൂട്ടിയിടരുത്. ചന്തകളിലെ മത്സ്യ – മാംസ മാലിന്യങ്ങൾ കാര്യക്ഷമമായി നിർമാർജനം ചെയ്യണം. പൊതു ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വൃത്തിയായി സൂക്ഷിക്കണമെന്നും കളക്ടർ ആഹ്വാനം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാളെ(ഓഗസ്റ്റ് 7) സ്‌കൂളുകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു ശുചീകരണം നടത്തും. സ്വച്ഛ് സർവേഷൻ ഗ്രാമീൺ പദ്ധതിയെക്കുറിച്ചു വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം നടത്തും.

ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളും പൊതു ടോയ്‌ലറ്റുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ അധികൃതർക്കു നിർദേശം നൽകി. ജില്ലയിലെ എല്ലാ ഓഫിസുകളിലും നാളെ പൊതു ശുചീകരണം നടത്താനും നിർദേശമുണ്ട്.

സ്വച്ഛ് ഭാരത്, സ്വച്ഛ് സർവേഷൻ ഗ്രാമീൺ, ശുചിത്വ മിഷൻ, ഹരിത കേരളം എന്നിവ സംബന്ധിച്ചു ജനങ്ങൾക്ക് അവബോധം നൽകുന്നതിന് ഓഫിസുകളിൽ ബാനർ, സ്റ്റിക്കർ തുടങ്ങിയവ പതിപ്പിക്കും. മാർക്കറ്റുകളിൽ പ്രത്യേക ശുചിത്വം ഉറപ്പുവരുത്തും.

സർവെ സംബന്ധിച്ച് ഓൺലൈൻ പ്രതികരണം നൽകുന്നതിനുള്ള ആപ്പ് ആയ എസ്എസ്ജി 18 ഡൗൺലോഡ് ചെയ്ത് പ്രതികരണം രേഖപ്പെടുത്തുന്നതിനു പ്രോത്സാഹിപ്പിക്കമെന്നും മാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക്, വാട്‌സ്ആപ് കൂട്ടായ്മകളിലൂടെയും ഇത സംബന്ധിച്ച് ജനങ്ങൾക്ക് അറിയിപ്പു നൽകണം.

സോഷ്യൽ മീഡിയയിൽ പ്രതികരണമോ നിർദേശങ്ങളോ നൽകുമ്പോഴോ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴോ #SSG2018 എന്ന ഹാഷ് ടാഗ് ഉപയോഗിക്കണം.

ശുചീകരണ കർമ പദ്ധതിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 7) ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here