കമ്പകക്കാനം കൂട്ടക്കൊല; കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയത് സഹായിയും കൂട്ടാളിയും; കൊലപാതകം നടത്തിയത് മന്ത്ര സിദ്ധിക്കായി; ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊല അന്വേഷണം അന്തിമഘട്ടത്തിൽ. കൊലപാതകം നടത്തിയ തൊടുപുഴ സ്വദേശി അനീഷ് പോലീസ് പിടിയിലായി. രണ്ടുപേർ ചേർന്നാണ് കൃത്യം നടത്തിയതെന്നും ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായി പ്രവർത്തിച്ച് വരുകയായിരുന്നു പിടിയിലായ അനീഷ്. അടിമാലി സ്വദേശിയായ മന്ത്രവാദി ലിബീഷാണ് കൂട്ടുപ്രതി എന്നും തിരിച്ചറിഞ്ഞിട്ടുണ്ട് .

തൊടുപുഴ തെക്കുംഭാഗം സ്വദേശി അനീഷാണ് പിടിയിലായത് . വർക്ക്ഷോപ്പ് ജീവനക്കാരനായ ഇയാൾ കൊല്ലപ്പെട്ട കൃഷ്ണന്റെ ആഭിചാര ക്രിയകളിലെ സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു ,

കൃഷ്ണനെ കൊലപ്പെടുത്തിയാൽ മന്ത്രസിദ്ധി കൈവരുമെന്ന അന്ധവിശ്വാസമാണ് അരുംകൊലയ്ക്ക് കാരണമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് അനീഷും സഹായിയും ചേർന്ന് കൃത്യം നടത്തിയത് . മന്ത്രവാദ ക്രിയകൾക്കിടെ വീടിനു പുറത്തിറങ്ങിയ കൃഷ്ണനെ ചുറ്റിക കൊണ്ട് പിന്നിൽ നിന്നും തലയ്ക്കടിച്ച് വീഴ്ത്തി.

പിന്നീട് വീടിനുള്ളിൽ കടന്ന് മറ്റു മൂന്നുപേരെയും കൊലപ്പെടുത്തി. കൊലപാതക ശ്രമത്തിനിടെ കൃഷ്ണൻറെ മകൾ അനീഷിന്റെ കൈയിൽ കടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ അയാൾ കുത്തി വീഴ്ത്തി.

തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത് . കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനു ണ്ടായിരുന്നുവെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

രണ്ടുപേരാണ് കൃത്യത്തിൽപങ്കെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടിമാലി സ്വദേശിയും മന്ത്രവാദിയുമായ ലിബീഷ് എന്നയാളാണ് കൂട്ടുപ്രതി . ഇയാൾ പിടിയിലായതായി സൂചന ഉണ്ടെങ്കിലും പോലീസ് അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .

കൊലപാതകത്തിൽ മറ്റ് ചില സഹായികൾ കൂടി പങ്കാളികളായിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട് . ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയമാണ് പോലീസിനുള്ളത് .

കഴിഞ്ഞ ദിവസം പിടിയിലായ തിരുവനന്തപുരം സ്വദേശികളെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. കൊല നടന്ന വീട്ടിൽ നിന്നും നഷ്ടപ്പെട്ട 40 പവൻ സ്വർണാഭരണങ്ങളും കണ്ടെടുത്തു.

പിടിയിലായ പ്രതിയുടെ പക്കൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തത് . ഐ ജി വിജയ് സാഖറെ ഇടുക്കിയിലെത്തി പ്രതിയെ ചോദ്യം ചെയ്യുന്നതിന് നേതൃത്വം നൽകി.

കൂട്ടക്കൊല നടന്ന് ഒരാഴ്ച തികയും മുൻപേ പ്രധാന പ്രതിയെ വലയിലാക്കാനായത് അന്വേഷണ സംഘത്തിന് നേട്ടമായി . പഴുതടച്ചുള്ള, കാര്യക്ഷമമായ അന്വേഷണത്തിന്റെ വിജയമാണിതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News