ഫുട്ബോളില്‍ അര്‍ജന്‍റീനയെ വീ‍ഴ്ത്തി ഇന്ത്യ; എന്നെന്നും ഓര്‍ക്കാവുന്ന ജയം അണ്ടര്‍ 20 ടീമിന്; വീഡിയോ

ഇന്ത്യന്‍ ഫുട്ബോളിലെ ചരിത്ര നിമിഷം പിറന്നു. ഫുട്ബോള്‍ മിശിഹ ലയണല്‍ മെസിയുടെ അര്‍ജന്‍റീനയെ ഇന്ത്യ അട്ടിമറിച്ചു. ഇന്ത്യന്‍ ഫുട്ബോളിന് എന്നെന്നും ഓര്‍ക്കാവുന്ന വിജയം സമ്മാനിച്ചത് അണ്ടര്‍ 20 ടീം.

സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പ് ഫുട്‌ബോളില്‍ ആറു തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്. അവിസ്മരണീയ ജയം ഇന്ത്യ സ്വന്തമാക്കിയത് അമ്പതാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ച് കളിച്ചായിരുന്നു.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മുന്‍ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച ഇന്ത്യ ദീപക് ടാംഗ്രിയുടെ ഗോളിലൂടെ മുന്നിലെത്തി. നിന്‍തോയ്ന്‍ബാന്‍ഗ മീട്ടിയുടെ കോര്‍ണറില്‍ നിന്നായിരുന്നു ടാംഗ്രിയുടെ ഗോള്‍. മധ്യനിരയില്‍ തകര്‍ത്തുകളിച്ച സുരേഷ് സിങ് വങ്ജാം-ബോറിസ് സിങ് താങ്ജാം സഖ്യമായിരുന്നു ഇന്ത്യന്‍ ആക്രമണങ്ങളുടെ കുന്തമുന.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ പത്തുപേരായി ചുരുങ്ങിയതോടെ അര്‍ജന്‍റീന ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലനെ മറികടക്കാനായില്ല. തുടര്‍ന്നായിരുന്നു ടൂര്‍ണമെന്‍റിലെ മനോഹരമായ ഗോള്‍.

അറുപത്തിയെട്ടാം മിനിറ്റില്‍ ബോക്സിന് തൊട്ടുവെളിയില്‍ റഹിം അലിയെ വീ‍ഴ്ത്തിയതിന് ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്കെടുത്ത അന്‍വര്‍ അലിക്ക് പി‍ഴച്ചില്ല. വെടിച്ചില്ല് പോലെ പാഞ്ഞ പന്ത് പോസ്റ്റിലിടിച്ച് ഗോള്‍ ലൈന്‍ കടന്നു. ഇന്ത്യ2-അര്‍ജന്‍റീന 0.

എഴുപത്തിരണ്ടാം മിനിറ്റില്‍ അര്‍ജന്‍റീന ഒരു ഗോള്‍ മടക്കിയെങ്കിലും പ്രതിരോധവും മധ്യനിരയുടെ മെച്ചപ്പെട്ടതോടെ ഇന്ത്യ മത്സരം സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ നേരത്തെ മൗര്‍ഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.

അതേസമയം, ജോർദാനിലെ അമ്മാനിൽ നടന്ന വാഫ് അണ്ടർ 16 ടൂർണമെന്‍റിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ അട്ടിമറിച്ചത്. ഇൻജുറി ടൈമിൽ ഭുവനേശ്വറാണ് ഹെഡറിലൂടെ ഇന്ത്യയ്ക്ക് വിജയഗോൾ സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News