”ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ ക്രൂരമായി പീഡിപ്പിച്ചു; ഫോണില്‍ അശ്ലീലം പറഞ്ഞു”; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്

ജലന്ദര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്.

തന്നെ രണ്ട് തവണ ബിഷപ്പ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. ഭയം മൂലമാണ് പുറത്തുപറയാതിരുന്നതെന്നും തന്നെയും കുടുംബത്തെയും ബിഷപ്പ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 28ന് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്താണ് പുറത്ത് വന്നത്. ജലന്ദര്‍ ബിഷപ്പില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങള്‍ ആറ് പേജില്‍ അടങ്ങുന്ന കത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

2013 ഓഗസ്റ്റിലാണ് താന്‍ കുറവിലങ്ങാട് മഠത്തില്‍ മദര്‍ സുപ്പീരിയര്‍ ആയി നിയമിതയായത്. പിന്നീട് മഠത്തിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുളള കാര്യങ്ങളും സാന്പത്തിക കാര്യങ്ങളും ജലന്ദര്‍ ബിഷപ്പിനെ താന്‍ ഫോണിലൂടെ അറിയിച്ചിരുന്നു.

എന്നാല്‍ പിന്നീടുളള അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അശ്ലീലച്ചുവ കലര്‍ന്നതായിരുന്നുവെന്ന് കന്യാസ്ത്രീ പറയുന്നു. ബിഷപ്പിന്റെ മോശം പെരുമാറ്റം തുടര്‍ന്നെങ്കിലും പ്രതികരിക്കാന്‍ ഭയമായിരുന്നു.

2014ല്‍ കുറവിലങ്ങാട് മഠത്തില്‍ സന്ദര്‍ശിച്ച ബിഷപ്പ് അവിടെ താമസിക്കുകയും തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു. പിന്നീട് 2016 സെപ്റ്റംബറിലും തനിക്ക് സമാനമായ പീഡനം ഏല്‍ക്കേണ്ടി വന്നു.

തുടര്‍ന്ന് താന്‍ ശാരീരികവും മാനസികവുമായി തകരുകയും കൗണ്‍സിലിംഗം അടക്കം ചികിത്സകള്‍ക്ക് വിധേയമാകുകയും ചെയ്തു.

മൂന്നാം തവണയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ശക്തമായി എതിര്‍ത്തതോടെ ബിഷപ്പില്‍ നിന്നും നിരന്തരം ഭീഷണിസ്വരം ഉയര്‍ന്നു. മദര്‍ സുപ്പീരിയര്‍ പദവിയില്‍ നിന്നും തന്നെ നീക്കം ചെയ്യുകയും മഠത്തിന്റെ ചുമതല എടുത്തുമാറ്റുകയും ചെയ്തു.

തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ജലന്ദര്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കത്തിലുണ്ട്.

ബംഗളൂരു ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍ മുഖേനയാണ് കന്യാസ്ത്രീ കത്ത് കൈമാറിയത്. ജനുവരി 28ന് കത്തയച്ചതിന് പിന്നാലെ ജൂണ്‍ 25ന് മറ്റൊരു ഇ മെയിലും കന്യാസ്ത്രീ അയച്ചിട്ടുണ്ട്.

തന്റെ കത്തിന് മറുപടി ലഭിക്കാതായപ്പോഴാണ് ഇക്കാര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇമെയില്‍ വഴിയും വീണ്ടും കത്തയച്ചത്. കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ജലന്ദറിലെത്തിയിരിക്കെയാണ് സുപ്രധാനമായ കത്ത് പുറത്തുവരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel