രാഷ്ട്രീയത്തിന് പുറമെ തിരക്കഥാകൃത്തും; തൂലിക ചലിപ്പിച്ചത് 80തോളം സിനിമകള്‍ക്ക്

രാഷ്ട്രീയത്തിന് പുറമേ മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു കരുണാനിധി. 80തോളം സിനിമകള്‍ക്കാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്.

ആ എ‍ഴുത്തിന്‍റെ മൂര്‍ച്ച തന്നെയായിരുന്നു കരുണാനിധിയെ രാഷ്ട്രീയത്തിലെത്തിച്ചത്. വാക്കിലും എ‍ഴുത്തിലും നിറഞ്ഞു നിന്ന അദ്ദേഹത്തിന്‍റെ ശക്തമായ നിലപാടുകള്‍ തമി‍ഴ് ജനത ഒന്നടങ്കം ഏറ്റെടുത്തു.

വാക്കുകളുടെ കരുത്തും എ‍ഴുത്തിന്‍റെ മൂര്‍ച്ചയുമാണ് കരുണാനിധിയെന്ന തമി‍ഴകത്തെ സൂര്യനെ വേറിട്ട് നിര്‍ത്തുന്നത്. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെഎഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരുണാനിധിയുടെ വളര്‍ച്ച.

താഴ്ന്നജാതിയില്‍ ജനിച്ചതുകൊണ്ട് അരയ്ക്കുമേലെ വസ്ത്രം ധരിക്കാന്‍ കഴിയാത്തതും, ചില സംഗീതപാഠങ്ങള്‍ പഠിക്കാന്‍ കഴിയാതെപോയതും കരുണാനിധിയെ കുട്ടികാലത്ത് ചോദ്യങ്ങള്‍ ചോദ്യം ചോദിക്കുന്നവനാക്കി.

സാഹിത്യത്തെ സ്നേഹിച്ചു. സഹപാഠികളെ സംഘടിപ്പിച്ച് ‘സംഘം’ എന്ന സംഘടന രൂപീകരിച്ചു. ‘മാനവര്‍ നേസന്‍’ എന്ന പേരില്‍ കൈയ്യെഴുത്തുമാസിക പുറത്തിറക്കി.

കവലകളില്‍ നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. പിന്നീട്നാടകകമ്പനികളില്‍ എഴുത്തുകാരനായി ജോലി നോക്കി. ‘ദ്രാവിഡ നാടക മന്‍ട്രം’ എന്ന പേരില്‍ നാടകസംഘം രൂപീകരിച്ചു.

താന്‍ തന്നെ എഴുതിയ ‘ശാന്തി’ എന്ന നാടകത്തില്‍ അഭിനയിച്ചു. ‘പരാശക്തി’ ഉള്‍പ്പെടെ ചിത്രങ്ങളിലൂടെ തമിഴ്ദേശീയ ബോധവും, ഡി എം കെ ആശയങ്ങളും ശക്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കരുണാനിധിക്ക് ക‍ഴിഞ്ഞു.കരുണാനിധിയുടെ ‘തൂക്കുമേടൈ’ എന്ന നാടകം രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഈ കാലത്താണ് കരുണാനിധി പെരിയാറിന്റെ ആശയങ്ങളില്‍ ആകൃഷ്ട്ടനാകുന്നത്. പെരിയാറിന്റെ ദ്രാവിഡവാദവും, സ്വാഭിമാന മുന്നേറ്റങ്ങളും കരുണാനിധിയുടെ രാഷ്ട്രീയത്തിന്റെ ദിശനിര്‍ണ്ണയിച്ചു. നാടക ഡയലോഗുകളില്‍ രാഷ്ട്രീയ ചൂടുംചൂരും തിളച്ചു മറിഞ്ഞു.

പുതുച്ചേരിയില്‍ നടന്ന ഒരു നാടകത്തിനിടെയാണ് സി എന്‍ അണ്ണാദുരൈ കരുണാനിധിയെ കാണുന്നത്. കരുണാനിധിയുടെ വാക്കുകളിലെ ചാട്ടുളിപോലെ തുളഞ്ഞുകയറുന്ന രാഷ്ട്രീയബോധം അണ്ണായെ ഏറെ ആകര്‍ഷിച്ചു. അണ്ണാ കരുണാനിധിയെ പെരിയാറിന്റെ ദ്രാവിഡ കഴകത്തിലേക്ക് ക്ഷണിച്ചു.

ആ കൂട്ടിമുട്ടല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ഒരു ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു. പിന്നീടാണ് സിനിമയില്‍ സജീവമായത്. ‘രാജകുമാരി’യാണ് ആദ്യ തിരക്കഥ.

ഈ സിനിമയുടെ സെറ്റില്‍വെച്ചാണ് എം ജി ആറിനെ പരിചയപ്പെടുന്നത്. കണ്ണമ്മ,മണ്ണിൻ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി, പാലൈവന റോജാക്കൾ തുടങ്ങി 80തോളം ചിത്രങ്ങള്‍ക്ക് കരുണാനിധി തിരക്കഥയെഴുതി.

അണ്ണായുടെ പ്രവര്‍ത്തനങ്ങളും കരുണാനിധിയുടെ തിരക്കഥകളുമാണ് തമി‍ഴ്ജനതയ്ക്ക് ഇടയില്‍ ഡി എം കെ യ്ക്ക് വേരോട്ടമുണ്ടാക്കികൊടുത്തത് എന്നത് ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News