ദ്രാവിഡമുന്നേറ്റ ക‍ഴകത്തില്‍ നിന്നും രാഷ്ട്രീയത്തിന്‍റെ ചാണക്യനായി മാറിയ കരുണാനിധി

ദ്രാവിഡമുന്നേറ്റ ക‍ഴകത്തില്‍ നിന്നും രാഷ്ട്രീയത്തിന്‍റെ ചാണക്യനായി മാറിയ കരുണാനിധി, ജീവിതം തന്നെ സമര്‍പ്പിച്ചത് തമി‍ഴകത്തിനായ്.

13ാം വയസിലെ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ കരുണാനിധി തോല്‍വിയെന്തെന്നറിയാത്ത നേതാവായിരുന്നു. അഞ്ച് തവണയാണ് തമി‍ഴകത്തിന്‍റെ മുഖ്യമന്ത്രിപദം കരുണാനിധിയെന്ന അതികായന്‍ അലങ്കരിച്ചത്.

ദ്രാവിഡ മുന്നേറ്റ ക‍ഴകത്തിന്‍റെ അമരത്ത് നീണ്ടഅന്‍പത് വര്‍ഷം തികച്ച കരുണാനിധി തമി‍ഴ് രാഷ്ട്രീയത്തിന്‍റെ മായ്ക്കാനാകാത്ത ഓര്‍മക്കുറിപ്പാണ്.

നാടകത്തോട് അഭിനിവേശം പുലര്‍ത്തിയ, കരുണാനിധി സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നത് 13ാം വയസില്‍. ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചുകൊണ്ട് തുടക്കം.

പിന്നീട് സംസ്ഥാനവ്യാപകമായി വളര്‍ന്നു പന്തലിച്ചപ്പോള്‍ വിദ്യാര്‍ഥിക‍ഴകം എന്ന സംഘടനയായി മാറി. ഇതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തില്‍ മുന്‍നിരയില്‍ പെരിയോരിനൊപ്പം ചേര്‍ന്നു നിന്നു.

ഈറോഡ് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് ദ്രാവിഡ ആശയങ്ങളുടെ പ്രചാരണത്തിനായി മുരസൊലി എന്ന പത്രം ആരംഭിക്കുകയും ചെയതു.

അക്കാലത്താണ് എംജിആറിനെ കണ്ടുമുട്ടുന്നതും ഗാന്ധിജി ആരാധകനായിരുന്ന എംജിആറിനെ ദ്രാവിഡ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും. 1969ല്‍ അണ്ണാദുരൈ മരിച്ചതോടെ ഡിഎംകെയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത കരുണാനിധി തോല്‍വിയെന്തെന്ന് അറിയാത്ത നേതാവുകൂടിയാണ്.

ഓരോ തെരഞ്ഞെടുപ്പിലും റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ച കരുണാനിധി അഞ്ച് പ്രാവശ്യം തമി‍ഴകത്തിന്‍റെ മുഖ്യമന്ത്രിയുമായി.1972ല്‍ കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ എംജിആര്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചു.

പിന്നീട് തമി‍ഴകം സാക്ഷിയായത് കരുണാനിധി എംജിആര്‍ പോരാട്ടത്തിനാണ്.

എംജിആറിന്‍റെ കാലശേഷം അണ്ണാഡിഎംകെയെ ഏറ്റെടുത്ത ജയലളിതയും കാ‍ഴ്ചവെച്ചത് കരുണാനിധിയുമായുളള പോരാട്ടം.

ജയളിതയും ഇപ്പോള്‍ കരുണാനിധിയും ഓര്‍മയാകുമ്പോള്‍ ഇനി തമി‍ഴ് രാഷ്ട്രീയം സഞ്ചരിക്കുക പുതിയ ദിശയിലൂടെയാകുമെന്നുറപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ തന്നെ ചാണക്യനായി മാറിയ കരുണാനിധി.

തീക്ഷ്ണമായ വാക്കുകള്‍കൊണ്ട് തമി‍ഴ് ജനതയുടെ സിരകളില്‍ തീപടര്‍ത്തിയ അനിഷേധ്യനാണ്. കരുണാനിധി ജളതിതയില്‍ നിന്നും , എംജിആറില്‍ നിന്നുമെല്ലാം വേറിട്ടു നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കാ‍ഴ്ചപ്പാടുകള്‍ കൊണ്ട്കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here