‘അമ്മ’യുടെ നിര്‍ണായക എക്സിക്യുട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍; അനുരഞ്ജന ചര്‍ച്ച മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍

താര സംഘടന അമ്മയുടെ നിര്‍ണായക എക്സിക്യുട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാടിനെതിരെ ആശങ്കയും പ്രതിഷേധവുമറിയിച്ച് കത്തയച്ച നടിമാരുമായും ചര്‍ച്ച നടത്തും.

അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് കൊച്ചിയിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുക.

സിനിമാ മേഖലയിലെ വനിതാതാരങ്ങള്‍ ഒന്നടങ്കം വന്‍പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് താരസംഘടന അമ്മ ഇവരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ പരാതി ഉന്നയിച്ച നടിമാരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

അമ്മയില്‍ വനിതകളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കൂടിക്കാ‍ഴ്ചയ്ക്ക് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചത്. ഇന്ന് ചേരുന്ന നിര്‍ണായക യോഗത്തില്‍ സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടും.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ അമ്മ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ജോലി സ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുളള അമ്മയുടെ ഭരണഘടനാ പുനര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളിലെല്ലാം നടിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും.

അമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നടന്മാരായ ഷമ്മി തിലകന്‍, ജോയി മാത്യു എന്നിവരുമായും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇവരുമായും കൂടിക്കാ‍ഴ്ച നടത്തിയേക്കും. എന്നാല്‍ WCC അംഗങ്ങളുമായി കൂടിക്കാ‍ഴ്ച നടത്തില്ലെന്ന് താരസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ അമ്മയില്‍ നിന്നും അംഗത്വം രാജിവച്ചിരുന്നു.

രാജിവച്ച നടിമാരുമാരെയും അമ്മ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ സമൂഹത്തിന്‍റെ നാനതുറകളില്‍ നിന്നും അമ്മയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതോടെയാണ് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ തന്നെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി രംഗത്തെത്തിയതും. ഇന്ന് നടക്കുന്ന ചര്‍ച്ചകളിലൂടെ അഭ്രപാളികളിലെ സ്ത്രീരത്നങ്ങളെ അനുനയിപ്പിക്കാന്‍ താരപ്രതിഭകള്‍ക്കാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News