കല്ലറ മാടന്‍നട ദേവിക്ഷേത്രത്തില്‍ മോഷണം; വിഗ്രഹത്തിലെ സ്വര്‍ണ്ണവും പണവും മോഷണം പോയി

കല്ലറ മാടന്‍നട ദേവിക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണവും ,60000 രൂപയും മോഷണം പോയി. വെഞ്ഞാറന്‍മൂട് പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ക്ഷേത്രം തുറക്കുന്നതിനായി എത്തിയ പൂജാരിയും ക്ഷേത്ര ജീവനക്കാരനുമാണ് മോഷണ വിവരം ആദ്യം അറിയുന്നത് . ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിഞ്ഞ നിലയിലായിരുന്നു.

ശ്രീകോവിലിനുളളില്‍ നിന്ന് ദേവിക്ക് ചാര്‍ത്തിയിരുന്ന അഞ്ച് പവന്‍ തൂക്കമുളള താലിമാല സ്വര്‍ണ്ണവും 60000 രൂപയും നഷ്ടമായി. വെളളിയാഭരണങ്ങളും ,സ്വര്‍ണ്ണപൊട്ടുകളും ഒപ്പം നഷ്ടമായിട്ടുണ്ട്.

രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം വിവരം പോലീസില്‍ അറിയിച്ചതെന്ന് സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു.

മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറന്‍മൂട് പോലീസ് ക്ഷേത്രത്തിനുളളില്‍ പരിശോധന നടത്തി. തൊട്ട് പിന്നാലെ എത്തിയ ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി.

മോഷണ വിവരം അറിഞ്ഞ് വലിയ വിഭാഗം ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here